
ഊണ് തയ്യാര്‍; രോഗികള്‍ക്ക് സൗജന്യം
Posted on: 10 May 2015

പേരാമംഗലം: വിശക്കുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രകാശന്‍ വിലയിടാറില്ല. ഇതിനേക്കാള്‍ വലിയൊരു നന്‍മയില്ലെന്ന് അറിഞ്ഞ നാട്ടുകാരാവട്ടെ അദ്ദേഹത്തെ അംഗീകരിക്കാനും ആദരിക്കാനും മടിച്ചതുമില്ല.
അമല ആസ്പത്രിക്ക് മുന്നിലെ 'ഷഹരിയാര്‍' എന്ന ചെറു ഹോട്ടലിന് ഇപ്പോള്‍ കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റെയും രുചിയാണ്. ഒരുവര്‍ഷമായി ഇവിടെ നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി കഞ്ഞി കൊടുത്തിരുന്നു. കാന്‍സറിനും വൃക്കരോഗത്തിനും ചികിത്സയിലുള്ള 25 പേര്‍ക്ക് ചോറ് കൊടുത്തുകൊണ്ടാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്.
ചൂരക്കാട്ടുകരയില്‍ താമസിക്കുന്ന പ്രകാശന്‍ 18 കൊല്ലം മുമ്പാണ് അമല ആസ്പത്രിക്കു മുന്നില്‍ തട്ടുകട തുടങ്ങിയത്. മൂന്ന് കൊല്ലം മുമ്പ് ഹോട്ടല്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ലാഭനഷ്ടങ്ങള്‍ നോക്കാതെ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത് അന്നുമുതലാണ്. എക്കാലത്തേക്കും തുടരാനാവുമോ എന്ന് ബന്ധുക്കളും കൂട്ടുകാരും ചോദിച്ചെങ്കിലും പ്രകാശന്‍ പിന്‍മാറിയില്ല.
പ്രകാശന്റെ നന്‍മ വിജയിച്ചതില്‍ നാട്ടുകാര്‍ക്കും അഭിമാനം. വ്യാപാരി വ്യവസായി യൂണിറ്റുകളും ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരും സൗഹൃദവേദി അംഗങ്ങളും ചേര്‍ന്ന് ചടങ്ങ് നടത്തി പ്രകാശനെ ആദരിച്ചു. പേരാമംഗലം എസ്‌ഐ ടി.എന്‍. സുധാകരന്‍, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ.എം. ലെനിന്‍, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ജയചന്ദ്രന്‍, അമല ആസ്പത്രി അസോ. ഡയറക്ടര്‍ ഫാ. തോമസ് വാഴക്കാല, ഇ.എ. ഉണ്ണികൃഷ്ണന്‍, പി.ടി. ഡേവിസ്, ഡേവിസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
