Crime News

മാവോവാദികള്‍ പത്തുദിവസം തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍

Posted on: 07 May 2015




കോയമ്പത്തൂര്‍:
കോയന്പത്തൂരില്‍ തിങ്കളാഴ്ച പിടിയിലായ രൂപേഷ്, ഷൈന എന്നിവരുള്‍പ്പെടെ അഞ്ച് മാവോവാദികളെ ചോദ്യംചെയ്യുന്നതിനായി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ പിടികൂടിയ തമിഴ്‌നാട് തീവ്രവാദവിരുദ്ധസേനയായ ക്യൂബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ച കോയമ്പത്തൂര്‍ രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടത്. കനത്തസുരക്ഷയില്‍ കോയമ്പത്തൂര്‍ കോടതിയങ്കണത്തിലെ മഹിളാ കോടതിയിലാണ് നടപടി നടന്നത്.

രൂപേഷ്, ഷൈന, അനൂപ്, കണ്ണന്‍, ഈശ്വര്‍ എന്നീ പ്രതികള്‍ക്കായി അഭിഭാഷകരായ പി.പി. മോഹന്‍, കെ. ബാലമുരുകന്‍ തുടങ്ങിയവര്‍ ഹാജരായി. പ്രതികളെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് ക്യൂബ്രാഞ്ച് ഹര്‍ജിനല്‍കിയത്. ഇതിന്മേലാണ് ബുധനാഴ്ച കോടതി വാദംകേട്ടത്.

പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും ഇവര്‍ ഒളിപ്പിച്ചിരിക്കുന്ന ബോംബും മറ്റ് മാരകായുധങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു പോലീസിന്റെ വാദം. അതിനായി 15 ദിവസത്തേക്ക് കസ്റ്റഡിയില്‍വിടണമെന്നായിരുന്നു കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതികള്‍ക്ക് ദേശവിരുദ്ധ ശക്തികളുമായി ബന്ധമില്ലെന്നും പിടികൂടിയ വസ്തുക്കളില്‍ ഏഴ് പുസ്തകങ്ങളും നാല് സെല്‍ഫോണും മാത്രമേയുള്ളൂവെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. 24 മണിക്കൂര്‍ പ്രതികളെ പോലീസ് ചോദ്യംചെയ്തതാണ്. അതില്‍നിന്ന് വേണ്ടത്ര വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതിനിടെ മാനസികമായി പീഡിപ്പിച്ചു. ചോദ്യംചെയ്യാന്‍ വിട്ടുകൊടുത്താല്‍ വീണ്ടും പീഡിപ്പിക്കും. തീവ്രവാദക്കേസുകള്‍ കൈകാര്യംചെയ്യുന്നതിന് പൂന്തമല്ലിയില്‍ കോടതിയുണ്ടെന്നും ആ കോടതിയാണ് പ്രതികളുടെ ജാമ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അഭിഭാഷകര്‍ വാദിച്ചു.

ദിവസവും പത്തുമിനിട്ട് പ്രതികള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് കസ്റ്റഡിയില്‍വിട്ടത്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കോടതിയിലെത്തിച്ച പ്രതികളെ അഞ്ചരയ്ക്കാണ് പുറത്തിറക്കിയത്. കോടതിയിലെത്തിച്ചപ്പോഴും പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും പ്രതികള്‍ മുദ്രാവാക്യം മുഴക്കി.


കേരള പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല

കോയമ്പത്തൂര്‍:
കോയന്പത്തൂരില്‍ പിടിയിലായ അഞ്ച് മാവോവാദികളെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടുന്നതിനായി കേരള പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയില്ല. പ്രതികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുള്ളത് കേരളത്തിലാണ്. നിലമ്പൂരില്‍ തീവണ്ടി അട്ടിമറിശ്രമം, സൈലന്റ്!വാലിയില്‍ വനംവകുപ്പിന്റെ ക്വാര്‍!!ട്ടേഴ്‌സ് കത്തിച്ചത്, കണ്ണൂരില്‍ ക്വാറി ആക്രമണം, വയനാട്ടില്‍ പോലീസ്സ്‌റ്റേഷന്‍ ആക്രമണം തുടങ്ങി 20ല്പരം കേസുകളുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ബുധനാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

മാവോവാദികള്‍ക്കായി തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും


കോയമ്പത്തൂര്‍:
പോലീസ് പിടിയിലായ മാവോവാദികള്‍ക്കായി പി.യു.സി.എല്‍. പ്രവര്‍ത്തകരായ അഭിഭാഷകര്‍ തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും. വീരപ്പനുവേണ്ടി വാദിച്ച മുതിര്‍ ന്ന അഭിഭാഷകനാണ് മാവോവാദികള്‍ക്കായി ഹാജരാകുന്നത്. ഭവാനിസ്വദേശിയായ പി.പി. മോഹനാണ് ഹാജരായത്. ഇദ്ദേഹത്തോടൊപ്പം അഡ്വ. കെ. ബാലമുരുകനും ഹാജരായി.

 

 




MathrubhumiMatrimonial