
ജയിലിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ ക്ലബ്ബില്‍ സല്‍മാനും
Posted on: 06 May 2015

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശിക്ഷ ലഭിച്ച് ജയിലിലെത്തുമ്പോള്‍ ബോളീവുഡ് താരങ്ങളുടെ ക്ലബ്ബിലും ഇടംനേടുകയാണ് ബോളീവുഡിലെ ഖാന്‍മാരില്‍ പ്രഭലനായ സല്‍മാന്‍ ഖാന്‍. ജയിലിലെത്തുന്ന ഒരേയൊരു ഖാനല്ല സല്‍മാന്‍. സെയിഫ് അലി ഖാനും തടവില്‍ കിടന്നിട്ടുണ്ട്. ഒരു വിരുന്നു സല്‍ക്കാരത്തില്‍ അടുത്തിരിക്കുന്നയാള്‍ ഉറക്കെ സംസാരിച്ചതിന് സിനിമാ സ്റ്റൈലില്‍ അയാളുടെ മൂക്കിടിച്ച് പരത്തിയതിനാണ് സൈഫ് അറസ്്റ്റിലാവുന്നത്.

ബോളീവുഡിലെ നടന്‍മാരില്‍ മുന്‍നിരയിലുള്ള സഞ്ചയ് ദത്താണ് ജയിലില്‍ കഴിയുന്ന മറ്റൊരു താരം. 1993ല്‍ ടാഡ നിയമപ്രകാരമാണ് ദത്ത് അറസ്റ്റിലാവുന്നത്. രാജ്യദ്രോഹകുറ്റത്തിനാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധമുള്ള തീവ്രവാദികള്‍ നല്‍കിയ ആയുധങ്ങള്‍ കൈയ്യില്‍ വെച്ചതിനാണ് സഞ്ചയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഭാര്യയുടെ ആരോഗ്യ നില മോശമാണെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ സഞ്ചയ്ക്ക് പുറത്തിറങ്ങാന്‍ സാധിച്ചു. തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് സീപ്രീം കോടതി പരിഗണിച്ച കേസില്‍ 2013 മാര്‍ച്ച് 21ാം തീയ്യതി കോടതി അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചു.
ദാവുദ് ഇബ്രാഹിമിനെപ്പോലുള്ള വലിയ അധോലോക നായകര്‍ കൈയ്യാളുന്ന ബോളീവുഡില്‍ താരങ്ങള്‍ ജയിലിലാവുന്നതില്‍ എന്ത് കാര്യമെന്ന് ചിന്തിക്കുന്നവരുണ്ടാവും. പക്ഷെ സിനിമ കാണുന്ന ജനങ്ങള്‍ സിനിമക്ക് പണം ഇറക്കുന്നത് ആരെന്നോ ലാഭം ആരെടുക്കുന്നുവെന്നോ ഒന്നും ചിന്തിക്കാറില്ല. അവര്‍ക്ക് താരങ്ങള്‍ എന്നും അനുകരണീയരാണ്. സിനിമാ ഒരു ഭ്രമമായവര്‍ക്ക് അവര്‍ സ്വന്തം ജീവനും. അപ്പോള്‍ ആരാധകര്‍ക്ക് മുമ്പില്‍ നല്ല മാതൃക സൃഷിടിക്കാനുള്ള ബാധ്യതയാണ് താരങ്ങള്‍ക്കുള്ളത്.പക്ഷെ താരപ്പെലിമയില്‍ ഭ്രമിച്ച് ജീവിക്കുമ്പോള്‍ അവരിതൊന്നും ഓര്‍ക്കാറില്ല. അല്ലെങ്കില്‍ നിലവിട്ട് ഇതുപോലുള്ള സംഭവങ്ങളില്‍ അവര്‍ ഒരിക്കലും പെടുകയുമില്ല.

വിദേശത്ത് പോയി ജയില്‍ ശിക്ഷ വാങ്ങിയ സൂപ്പര്‍താരമാണ് മോണിക്ക ബേദി. വ്യാജ രേഖകളുപയോഗിച്ച് പോര്‍ച്ചുഗലിലേക്ക് പോയ മോണിക്ക ലിസ്ബണില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. കൂടെയുണ്ടായിരുന്നയാള്‍ വലിയ അധോലകരാജാവായ അബുസലീമായിരുന്നെങ്കിലും മോണികക്ക് ജയില്‍ ശിക്ഷ തന്നെ ലഭിച്ചു. പോര്‍ച്ചുഗലിലെ ശിക്ഷക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി അയച്ച മോണിക്കയെ ഇവിടെ കാത്തിരുന്നതും ജയില്‍ തന്നെയായിരുന്നു.

സ്ത്രീവിഷയത്തിലെ വിഴ്ച്ച ജയിലിലെത്തിച്ച താരമാണ് ഷിനെ അഹൂജ. 2006ല്‍ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ച ഷിനെ വിജയത്തിലേക്ക് കുതിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമുണ്ടാവുന്നത്. വീട്ടുജോലിക്കാരിയെ ബലാത്സഗം ചെയ്തുവെന്ന കേസില്‍ 27 ദിവസങ്ങള്‍ ഷിനെക്ക് ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വന്നു.

സ്ത്രീകഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമകളെടുത്ത് വിജയിപ്പിച്ച സംവിധായകന്‍ മധുര്‍ ബണ്ഡാര്‍ക്കര്‍ ജയിലിലെത്തുന്നത് സ്ത്രീവിഷയത്തില്‍ തന്നെയാണ്. ചാന്ദ്‌നി ബാര്‍ സാത്ത, പേജ് ത്രി, ട്രാഫിക്ക് സിഗ്നല്‍ എന്നിങ്ങനെയുള്ള ഹിറ്റുകളില്‍ ബോളിവുഡിലെ മുന്‍നിര നടികളെ അണിനിരത്തിയ ബണ്ഡാര്‍ക്കര്‍ ഒരു നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്. പക്ഷെ പരാതിക്കാരിക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ബണ്ഡാര്‍ക്കര്‍ രക്ഷപ്പെട്ടു.

മുന്‍താരം ഫിറോസ് ഖാന്റെ മകന്‍ ഫര്‍ദീന്‍ ഖാനാണ് അറസ്റ്റ് നേരിട്ട മറ്റൊരു ഖാന്‍. 1998ല്‍ ഫിലിംഫെയര്‍ പുരസ്‌ക്കാരത്തോടെ തുടങ്ങിയ ഫര്‍ദ്ദീന്‍ ഗാന്റെ സിനിമാ ജീവിതം മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. 2001ല്‍ കൊക്കെയിന്‍ കേസില്‍ പിടിയിലായതോടെ അദ്ദേഹത്തിന്റെ കരിയറും കരിനിഴലിലാവുകയായിരുന്നു.
