
മാവോവാദി നേതാവ് രൂപേഷും ഷൈനയും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
Posted on: 05 May 2015

തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയായ രൂപേഷ്, ഭാര്യ ഷൈന, മലപ്പുറം സ്വദേശിയായ അനൂപ് എന്നിവരെ അറസ്റ്റുചെയ്തതായി കേരള പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ തമിഴ്‌നാട് സ്വദേശി ഭുവനചന്ദ്രന്‍ (കണ്ണന്‍), വീരമണി എന്ന ഈശ്വര്‍ എന്നിവരാണ് പിടിയിലായതെന്ന് പറയപ്പെടുന്നു. രൂപേഷ് പിടിയിലായ വിവരം കേരള പോലീസ് സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ. പിടികൂടിയവരെ ചൊവ്വാഴ്ച കേരളത്തിലേക്ക് എത്തിച്ചേക്കുമെന്ന സൂചനയുണ്ട്.
മാവോവാദിസാന്നിധ്യം സ്ഥിരീകരിച്ച തമിഴ്‌നാട്കര്‍ണാടക അതിര്‍ത്തിയിലെ ധര്‍മപുരി, കൃഷ്ണഗിരി ജില്ലകളില്‍നിന്ന് ഏതാനുംദിവസം മുമ്പുതന്നെ ഇവരെ ആന്ധ്രാപ്രദേശിലെ പ്രത്യേക പോലീസ്‌സംഘം പിടികൂടിയിരുന്നതായാണ് സൂചന. കോയമ്പത്തൂര്‍ അവിനാശിറോഡില്‍ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് കരുമത്താംപട്ടി. ഇവിടെ ബസ്സ്റ്റാന്‍ഡിനകത്തെ ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ചംഗസംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നെന്ന വെളിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. പിടികൂടിയസമയത്ത് ഇവര്‍ മുദ്രാവാക്യം മുഴക്കിയെന്നും പറയുന്നു.
