
ഇരുളില്‍ വിജയവെളിച്ചമായ് സൂര്യ ഇനി വൈദ്യപഠനത്തിന്
Posted on: 09 Sep 2009

കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളബ്‌ളാശ്ശേരി കുടിയിലെ രാഘവന്റെയും പുഷ്പയുടെയും മകളായ സൂര്യ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്സിന് തിങ്കളാഴ്ചയാണ് ചേര്‍ന്നത്.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിലാണ് രാഘവനും പുഷ്പയും മൂന്നുമക്കളെ വളര്‍ത്തിയത്. രണ്ടാമത്തെ മകളാണ് സൂര്യ. വനാന്തരത്തില്‍ എസ്എസ്എ ആരംഭിച്ച ഏകാധ്യാപക സ്‌കൂളിലാണ് സൂര്യ നാലുവരെ പഠിച്ചത്. അഞ്ചുമുതല്‍ പത്തുവരെ പൈനാവിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍. എസ്എസ്എല്‍സിക്ക് എട്ട് വിഷയങ്ങള്‍ക്ക് എപ്ലസും രണ്ട് വിഷയള്‍ക്ക് എ ഗ്രേഡും കരസ്ഥമാക്കി 90 ശതമാനം മാര്‍ക്കുനേടി.
തുടര്‍ന്ന് പാലാ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 84 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും പാസ്സായി.
ഗിരിജനവിദ്യാര്‍ഥികള്‍ക്കായി എന്‍ട്രന്‍സ് വിഭാഗം പ്രത്യേകം നടത്തിയ പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്കുനേടിയാണ് സൂര്യ മെഡിക്കല്‍ പ്രവേശനം നേടിയത്.
സൂര്യയുടെ മൂത്തസഹോദരന്‍ പ്രദീപ് കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയാണ്. ഇളയ സഹോദരന്‍ സന്ദീപ് നേര്യമംഗലം നവോദയയില്‍ എട്ടാംക്ലാസ്സില്‍ പഠിക്കുന്നു. പനമ്പ് മറച്ച് ചാക്ക് ഷീറ്റ് മേഞ്ഞ രാഘവന്റെ കുടിലില്‍ വൈദ്യുതി എത്തിയിട്ടില്ല. തോരാത്ത മഴ പെയ്യുമ്പോള്‍ ചോരുന്ന കുടിലില്‍ തകരപ്പാട്ടക്കുള്ളിലാണ് കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ രാഘവന്‍ സൂക്ഷിക്കുന്നത്. രാഘവനും പുഷ്പയും കൂലിവേലയ്ക്കുപോയാണ് മക്കളെ പഠിപ്പിച്ചത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഇവര്‍ക്ക് തുണയായി.
