Crime News

കഞ്ചാവില്‍ കുരുതിപ്പൂക്കാലം: വിദ്യാര്‍ത്ഥികള്‍- വിതരണക്കാരും ഉപഭോക്താക്കളും

Posted on: 24 Apr 2015


തൃശ്ശൂര്‍ തൃശ്ശൂരില്‍ വാഹനാപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന് പോലീസ് കണ്ടെടുത്തത് ഒരു കിലോയോളം കഞ്ചാവ്. അപടത്തില്‍പെട്ടത് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയും കൗമാരം വിട്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനും.ഇവര്‍ കഞ്ചാവു സംഘടിപ്പിച്ചത് ഇടുക്കിവരെ ബൈക്കിനു പോയാണത്രെ.

കഞ്ചാവിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടാത്ത സ്ഥിതിയിലാണിപ്പോള്‍ ഇളം തലമുറയും.നഗര പ്രദേശങ്ങളിലെ മിക്ക സ്‌കൂളുകളിലും കഞ്ചാവിന് ഉപഭോക്താക്കളുണ്ട് എന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാര്‍ത്ഥികളെ കഞ്ചാവിലേക്കുനയിക്കുന്ന വഴികള്‍ പലതാണ്. മറ്റുസംസ്ഥാനങ്ങളില്‍ പഠിക്കാനായുള്ള പോക്കും ലോക്കല്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധവും എല്ലാം ഇവരെ കഞ്ചാവുപഭോക്താക്കളും വിതരണക്കാരുമാക്കുന്നു.മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നവര്‍ നാലുകിലോവരെ കഞ്ചാവു കൊണ്ടുവരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കുതന്നെയാണ് വിതരണം ചെയ്യുന്നതും.

ഒരിക്കല്‍ ഒരു കലാപ്രതിഭ പോലീസിന്റെ കയ്യിലകപ്പെട്ടു.ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയതാണിവന്‍. കഞ്ചാവില്‍ മയങ്ങി ഒരു നൃത്തച്ചുവടുപോലും വെയ്ക്കാന്‍ പറ്റാത്ത സ്ഥിതിയിലായി. ഒരു ചുവടുവെക്കുമ്പോഴേക്കും ക്ഷീണം. ഏറെ പണിപ്പെടേിവന്നു ഇതില്‍നിന്നും കരകയറാന്‍.

തൃശ്ശൂര്‍ നഗരത്തിലെ എല്ലാ സ്‌കൂളുകളിലുമുണ്ട് കഞ്ചാവിന്റെ പ്രതിനിധികള്‍. കഞ്ചാവുപയോഗിക്കുന്ന ആണ്‍കുട്ടികളില്‍ മിക്കവരും കണ്ണെഴുതുന്നുവെന്നാണ് പോലീസിന്റെ നിരീക്ഷണം.കഞ്ചാവുപയോഗിക്കുമ്പോള്‍ കണ്ണിനെന്തോ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നാണ് ഇത്തരക്കാര്‍ പോലീസിനോടു പറഞ്ഞത്.

ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പലയിടത്തും വിദ്യാര്‍ത്ഥിക്കൂട്ടങ്ങള്‍ കഞ്ചാവുവില്‍പ്പനയും ഉപഭോഗവും നടത്തിയിരുന്നത്. ആരും സംശയിക്കാത്ത വഴിയാണിത്. ഒറ്റത്തവണ തൃശ്ശൂരിലെ ഒരു ഗ്രൗണ്ടില്‍നിന്ന് പിടികൂടിയത് ഇരുപതു വിദ്യാര്‍ത്ഥികളെയാണ്.

കുട്ടികളെ കഞ്ചാവിലേക്ക് ആകര്‍ഷിക്കാനുള്ളവിവിധ വഴികള്‍ മാഫിയ പറയറ്റുന്നു. ആദ്യതവണകളില്‍ കഞ്ചാവു സൗജന്യമായി നല്‍കും.നാലോ അഞ്ചോ തവണ കഴിഞ്ഞാല്‍ മാത്രമെ പണം ഈടാക്കിത്തുടങ്ങു.കഞ്ചാവിനുവേണ്ടി അമ്മയെതല്ലുകയും പെങ്ങളുടെ ഉടുപ്പു കീറുകയും ചെയ്ത സംഭവം വരെ പോലീസിനുമുന്നിലെത്തിയിരുന്നു.ശരീരം കീറിമുറിക്കുന്നവരും ഭ്രാന്താവസ്ഥയിലെത്തിയവരും നിരവധി. ഇളം തലമുറ ഇങ്ങനെ നശിക്കുമ്പോഴും കാര്യക്ഷമമായി മറുമരുന്നു തേടുന്നില്ല എന്നതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

 

 




MathrubhumiMatrimonial