Crime News

കഞ്ചാവ്: കഴിഞ്ഞവര്‍ഷം പിടിച്ചത് ഒന്നര ടണ്‍; പിടിക്കാത്തത് പത്തിരട്ടി

Posted on: 22 Apr 2015

കെ.കെ. ശ്രീരാജ്‌



തൃശ്ശൂര്‍: കഴിഞ്ഞവര്‍ഷം സംസ്ഥാന എക്‌സൈസ് വകുപ്പുമാത്രം കേരളത്തില്‍നിന്നും പിടികൂടിയത് 809 കിലോഗ്രാം കഞ്ചാവ്. ഇത്രത്തോളം തന്നെ പോലീസും പിടിച്ചു. ഇതിന്റെ പത്തിരട്ടിയാണ് യഥാര്‍ത്ഥ വരവെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു.

2014 ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. എക്‌സൈസിനും പോലീസിനും പുറമേ കേന്ദ്ര ഏജന്‍സികള്‍ പിടിക്കുന്ന കഞ്ചാവു വേറെയും ഉണ്ടാകും. 90 കഞ്ചാവുചെടികളും എക്‌സൈസ് അധികൃതര്‍ പിടികൂടിയതില്‍ ഉള്‍പ്പെടുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് കമ്പം, തേനി ഭാഗത്തുനിന്നും കേരളത്തിലേക്കു കൊണ്ടുവരാനൊരുക്കിയ 650 കിലോ കഞ്ചാവാണ് തമിഴ്‌നാട് പോലീസ് പിടികൂടിയത്.

കേരളത്തിന്റെ ഓരോ കോണിലും കഞ്ചാവുവിതരണ ഏജന്റുമാരുണ്ട്. വന്‍ലാഭമാണ് കഞ്ചാവ് വില്പനയിലേക്ക് ആളുകളെ അത്രയധികം ആകര്‍ഷിക്കുന്നത്. പതിനയ്യായിരം രൂപയ്ക്കു വാങ്ങിക്കുന്ന ഒരുകിലോ കഞ്ചാവ് വില്പനനടത്തുമ്പോള്‍ ഒന്നരലക്ഷം രൂപയാണ് ലഭിക്കുന്നത്. നാലുഗ്രാമിന് 600 രൂപയാണ് ചില്ലറവില്പന വില. ഒരു കിലോകൊണ്ട് ഇത്തരം 250 പൊതികളുണ്ടാക്കാം.

കമ്പം, തേനി, പഴനി എന്നിവിടങ്ങളില്‍നിന്നുള്ളതാണ് കഞ്ചാവിന്റെ കേരളത്തിലേക്കുള്ള ഒരു വഴി. ആന്ധ്രാപ്രദേശും ഒഡീഷയും അടങ്ങുന്ന മറ്റൊരു പാതയും ശക്തമാണ്. ഇവിടെനിന്നുള്ള കഞ്ചാവ് ഇടുക്കിയിലെത്തിച്ചാണ് പലപ്പോഴും വില്പന നടത്തുന്നത്. ഇടുക്കിയില്‍ വിളയുന്ന നീലച്ചടയന്റെ മാര്‍ക്കറ്റ് ഉപയോഗിക്കുകയാണിതിന്റെ ലക്ഷ്യം. ബെംഗളൂരുവില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ വഴിയും കഞ്ചാവ് ഇവിടെ എത്തുന്നു.
കഞ്ചാവാണു മുഖ്യമെങ്കിലും കേരളത്തിലില്ലാത്ത ലഹരിയുപയോഗങ്ങള്‍ ഇല്ലെന്നു എക്‌സൈസ് വകുപ്പിന്റെ പട്ടിക തെളിയിക്കുന്നു. കറപ്പ്, എല്‍.എസ്.ഡി., ബ്രൗണ്‍ഷുഗര്‍, ഹെറോയില്‍, ഡയസിപാം പോലുള്ള ഗുളികകള്‍, ഹാഷീഷ് തുടങ്ങിയവയെല്ലാം കേരളത്തിലെത്തുന്നു. ലക്ഷങ്ങള്‍ വിലയുള്ള കൊക്കൈനും കേരളത്തില്‍ പിടിച്ചിട്ടുണ്ട്. വൈറ്റ്‌നര്‍ പോലുള്ള വസ്തുക്കളില്‍ ലഹരി കണ്ടെത്തുന്നവര്‍ വേറെയും.

 

 




MathrubhumiMatrimonial