Crime News

നഴ്‌സസ് റിക്രൂട്ടിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് കുവൈത്തില്‍ അറസ്റ്റില്‍

Posted on: 21 Apr 2015


കേസില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു


കുവൈത്ത് സിറ്റി: കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ അല്‍-സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ കുവൈത്ത് പോലീസ് അറസ്റ്റുചെയ്തു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍, കുവൈത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.

മലയാളി മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-സറാഫ് റിക്രൂട്ട്‌മെന്റ് സ്ഥാപനം ഉടമ ഉതുപ്പ് വര്‍ഗീസ് സി.ബി.ഐ. അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഒളിവില്‍പോയത്. ഏതാനും ദിവസങ്ങളായി കുവൈത്തിലുള്ള ഇയാള്‍ ആരോഗ്യമന്ത്രാലയം ഹെഡ് ഓഫീസിലെത്തി പുതുതായി എത്തിയ നഴ്‌സുമാരില്‍നിന്ന് ബാക്കിതുക കൈപ്പറ്റിയിരുന്നു. ഈ രംഗം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ഇയാളും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തു.

കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ജമാല്‍ അല്‍-ഹര്‍ബിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. എന്നാല്‍, നഴ്‌സുമാരോ മറ്റോ കുവൈത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍-സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.

 

 




MathrubhumiMatrimonial