Crime News

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Posted on: 19 Apr 2015


കഴക്കൂട്ടം: ഒരു കിലോ കഞ്ചാവുമായി മംഗലപുരം പോലീസ് രണ്ടുപേരെ പിടികൂടി. ശാസ്തവട്ടം കെ.കെ. നഗര്‍ സ്വദേശികളായ സുജിത്ത് (23), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. ആര്‍.എസ്. ആദര്‍ശിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി പട്രോളിങ് നടത്തവെയാണ് ഇവരെ പിടികൂടിയത്.

ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവര്‍. സംശയം തോന്നി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ 40 ഗ്രാം വീതമുള്ള അഞ്ച് പൊതി കഞ്ചാവ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കുഴിച്ചിട്ടിട്ടുള്ള കാര്യം വെളിപ്പെടുത്തി.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കഞ്ചാവ് കണ്ടെത്തി. മംഗലപുരം, മുരുക്കുംപുഴ, അഴൂര്‍ ഭാഗങ്ങളില്‍ ബൈക്കിലെത്തി കഞ്ചാവ് വില്പന നടത്താറുണ്ടെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. ഗ്രേഡ് എസ്.ഐ. ചന്ദ്രശേഖരന്‍ നായര്‍, പ്രൊബേഷണറി എസ്.ഐ. ബൈജു, സി.പി.ഒ. മനോജ് എന്നിവര്‍ പട്രോളിങ് സംഘത്തിലുണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial