
ഞാന്‍ ഗാന്ധിയല്ല: വേണമെങ്കില്‍ 'ഫ്രഞ്ച്് ഗാന്ധി'യെന്ന് വിളിച്ചോളൂ...
Posted on: 19 Apr 2015

കണ്ണൂര്‍: ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ നഗരത്തില്‍ മഹാത്മാമന്ദിരത്തിന് സമീപം നടന്നുപോകുന്ന 'മഹാത്മാഗാന്ധി'യെ കണ്ട് പലരും അത്ഭുതപ്പെട്ടു. പലരും അദ്ദേഹത്തിന്റെ അടുത്തുകൂടി. വടിയുംകുത്തി വട്ടക്കണ്ണടയും വെച്ച് ഗാന്ധിജിയുടെ നിഷ്‌കളങ്കമായ ചിരിയോടെ അയാള്‍ പറഞ്ഞു. 'ഞാന്‍ ഗാന്ധിയുടെ ആരാധകനായ ഫ്രഞ്ചുകാരനായ ഒരു ശുചീകരണ ജീവനക്കാരനാണ്. ഗാന്ധിജിയെ സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ മാതൃക പിന്തുടരാനും ശ്രമിക്കുന്ന പാവപ്പെട്ട ഒരാള്‍....'
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍നിന്ന് 800 കിലോമീറ്ററോളം അകലെയുള്ള ത്യൂലോസ് എന്ന ചെറുപട്ടണത്തിലെ ശുചീകരണത്തൊഴിലാളിയാണ് മള്‍സിന്‍യാക് എന്ന 68-കാരന്‍. ഷാംപെയിന്‍ കുപ്പികളുടെ നാട്ടില്‍നിന്നുള്ള അദ്ദേഹം ഒരിക്കലും മദ്യപിച്ചിട്ടില്ല. പുകവലിച്ചിട്ടില്ല. അവിവാഹിതനായ മള്‍സിന്‍യാക് ലളിതജീവിതത്തില്‍ സുഖം കണ്ടെത്തുന്നു. ഒപ്പം നീണ്ടയാത്രകളിലും. ഗാന്ധിസത്തില്‍നിന്നുതന്നെയാണ് അദ്ദേഹം നാടിന്റെ ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. തൊഴില്‍ അതുതന്നെയായതിനാല്‍ അദ്ദേഹം കാണുന്നവരോട് വൃത്തിയെയും വെടിപ്പിനെയുംകുറിച്ച് സംസാരിക്കുന്നു.
യാത്രാമധ്യേ കഴിഞ്ഞദിവസം അദ്ദേഹം െബംഗളൂരിലെത്തിയപ്പോഴാണ് പ്രശസ്ത ചിത്രകാരനായ എബി എന്‍.ജോസഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എബി എന്‍.ജോസഫ് ചിത്രപ്രദര്‍ശനം തയ്യാറാക്കുന്നുണ്ട്. ഗാന്ധിജിയുടെ ഒരു മോഡലിനെത്തേടി നടക്കുകയായിരുന്നു എബി എന്‍.ജോസഫ്. ഇതാ തനിക്ക് മുന്നില്‍ നില്‍ക്കുന്ന 68-കാരന്‍ തികച്ചും ഗാന്ധിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത്രമാത്രം രൂപസാദൃശ്യം. പിന്നെ സൗഹൃദമായി നേരേ ഒന്നിച്ച് കണ്ണൂരിലേക്ക്.
അതിന് എത്രയോ മുമ്പുതന്നെ രൂപംകൊണ്ട് 'ജാനു' എന്ന വിളിപ്പേരില്‍ അറിയുന്ന മള്‍സിന്‍യാക് സുഹൃത്തുക്കള്‍ക്കിടയില്‍ 'ഫ്രഞ്ച് ഗാന്ധി'യായിരുന്നു. ഒരിക്കല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ അദ്ദേഹത്തെ 500 രൂപ നോട്ടിലെ ഗാന്ധിജിയുടെ ചിത്രം കാണിച്ച് രൂപസാദൂശ്യം പറയുകയും കുറെ ഫോട്ടോ എടുക്കുകയും ചെയ്തു. അത് പത്രവാര്‍ത്തയായി. കഴിഞ്ഞ ജനവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രാജ്ഘട്ടില്‍ ഗാന്ധിസ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മള്‍സിന്‍യാകിനെ കണ്ടു രൂപസാദൃശ്യത്തില്‍ കൗതുകം കൊണ്ടതായി അദ്ദേഹം പറയുന്നു. അവിടെയും മാധ്യമങ്ങളില്‍ അദ്ദേഹം ശ്രദ്ധേയനായി.
ശരീരത്തിന്റെ സാദൃശ്യത്തോടൊപ്പം മനസ്സിലും ഗാന്ധിചിന്ത കയറിയപ്പോള്‍ പിന്നെ യാത്രയും അങ്ങിനെയായി. കഴിഞ്ഞദിവസം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിയ അദ്ദേഹം അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള അപൂര്‍വചിത്രങ്ങള്‍ മുഴുവനും കണ്ടു. ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാഷ്ട്രീയത്തില്‍ കാര്യമായി താത്പര്യമൊന്നുമില്ലാത്ത അദ്ദേഹം ഫ്രാന്‍സില്‍ അടുത്തിടെയായി ശക്തിപ്രാപിക്കുന്ന തീവ്രവാദത്തെ കാടത്തം എന്നു പറഞ്ഞു. ഗാന്ധിജിയുടെ അഹിംസയാണ് എല്ലാത്തിനും പരിഹാരം എന്നും അദ്ദേഹം പറഞ്ഞു. അടുത്താഴ്ച അദ്ദേഹം ഫ്രാന്‍സിലേക്ക് മടങ്ങും. ഇന്ത്യയലെ ഗാന്ധിയന്‍ അനുഭവങ്ങളുമായി. വീണ്ടും തിരിച്ചുവരും കൂടുതല്‍ സ്ഥലങ്ങളില്‍ ഗാന്ധിയായി നടക്കാന്‍..
