Crime News

വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയ കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്‌

Posted on: 12 Apr 2015


അഷ്ടമുടി: ചെമ്മക്കാട് യു.ഐ.എം. കോളേജ് പ്രിന്‍സിപ്പല്‍ എം.ബി.എ. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവായി. കോളേജ് പ്രിന്‍സിപ്പല്‍ അഞ്ചാലുംമൂട് കുപ്പണ സ്വദേശി അഡ്വ. രാജേഷ് നിരന്തരം അപമര്യാദയായി പെരുമാറുന്നു എന്നാരോപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ വിദ്യാര്‍ഥിനികള്‍ ആരോപണത്തില്‍ ഉറച്ചുനിന്നു.

ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും കേസ് അഞ്ചാലുംമൂട് പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് പ്രിന്‍സിപ്പലിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു. അഞ്ചാലുംമൂട് പോലീസ് പ്രിന്‍സിപ്പലിനെ സംരക്ഷിക്കുന്ന നിലയില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പലിനെതിരെ നടപടികള്‍ വൈകിയതിലും എം.എ.ബേബി എം.എല്‍.എ. പ്രിന്‍സിപ്പലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചും കുണ്ടറയില്‍ ബി.ജെ.പി., യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

കേസില്‍ ശക്തമായ നടപടികളെടുക്കണമെന്ന് എം.എ. ബേബി എം.എല്‍.എ. ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണച്ചുമതല ശനിയാഴ്ച ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. ബി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണച്ചുമതല.

 

 




MathrubhumiMatrimonial