Crime News

കഞ്ചാവ് വേട്ട: മൊത്തവ്യാപാരി ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍

Posted on: 12 Apr 2015


കുളത്തൂപ്പുഴ: അന്യസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് മൊത്തമായി എത്തിച്ച് വിതരണം നടത്തിവന്നയാളും രണ്ട് ചില്ലറ വില്പനക്കാരും പോലീസ് പിടിയില്‍. ഭാരതീപുരം ചരുവിളപുത്തന്‍വീട്ടില്‍ ശിവാനന്ദന്‍ (59), ഭാരതീപുരം രതീഷ് ഭവനില്‍ രതീഷ് (29), കൈതക്കാട് വയലിറക്കത്തുവീട്ടില്‍ ഷറഫുദ്ദീന്‍ (60) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കഞ്ചാവ് വാങ്ങാനെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ട പോലീസിന് വില്പനയ്ക്കായി എത്തിയ ഷറഫുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൊത്തവ്യാപാരിയായ ശിവാനന്ദനാണ് കഞ്ചാവ് എത്തിച്ചുനല്‍കുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില്ലറ വില്പനക്കാരനായ രതീഷിനെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷറഫുദ്ദീനെ റിമാന്‍ഡ് ചെയ്തിരുന്നു. ശിവാനന്ദനെയും രതീഷിനെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ എസ്.ഐ. സുധീഷ്‌കുമാര്‍, എ.എസ്.ഐ. മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത് ലാല്‍, കിഷോര്‍, ജയപ്രസാദ്, ഹോംഗാര്‍ഡ് തുളസി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വില്പനക്കാരെ പിടികൂടിയത്.

 

 




MathrubhumiMatrimonial