Crime News

മുത്തൂറ്റ് കവര്‍ച്ച: പ്രതികള്‍ക്ക് സാമുദായിക പിന്‍ബലം; പോലീസ് വലയുന്നു

Posted on: 12 Apr 2015


തിരുവനന്തപുരം: മുത്തൂറ്റിന്റെ കോവളം ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ ജാര്‍ഖണ്ഡില്‍ കണ്ടെത്തിയെങ്കിലും സാമുദായിക പിന്‍ബലം കാരണം പിടികൂടാനാവാത്ത അവസ്ഥ. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ പ്രതികളുണ്ടെന്ന് പോലീസിന് വ്യക്തമായെങ്കിലും പ്രതികള്‍ അവിടത്തെ സാമുദായിക നേതാക്കന്‍മാരുടെ തണലിലാണുള്ളത്. അവരുടെ സംരക്ഷണയില്‍ നിന്ന് പ്രതികളെ പിടികൂടാനാകാതെ കുഴയുകയാണ് കേരളത്തില്‍ നിന്ന് ജാര്‍ഖണ്ഡിലെത്തിയ അന്വേഷണ സംഘം.

എന്നാല്‍ പ്രതികളെ പിടികൂടുന്നതിനായി അവിടത്തെ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചുവെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്. വേണ്ടത്ര അംഗങ്ങളെ കേരള സംഘത്തിന് ജാര്‍ഖണ്ഡില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ഡി.ഐ.ജി., എസ്.പി.എന്നിവരുമായി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച വ്യക്തതയുണ്ടാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

കോവളത്തെ മുത്തൂറ്റ് ശാഖയില്‍ നിന്ന് അന്‍പത് ലക്ഷം രൂപയുടെ പണയ സ്വര്‍ണവും 1.60 ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. സി.സി.ടി.വി.കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ദേശീയ ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്ക് വഴിയാണ് ജാര്‍ഖണ്ഡിലുള്ള സംഘമാണെന്ന് തിരിച്ചറിഞ്ഞത്.

ഇതേത്തുടര്‍ന്നാണ് തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘം ജാര്‍ഖണ്ഡിലെത്തിയത്. എന്നാല്‍ അവിടെ എത്തിയ അന്വേഷണ സംഘത്തിന് കവര്‍ച്ചക്കാരെ കണ്ടെത്താനായെങ്കിലും അറസ്റ്റുചെയ്താല്‍ അത് സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പാണ് അവിടത്തെ പോലീസ് നല്‍കിയിട്ടുള്ളത്.

കോവളത്തെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച നടത്തുന്നതിന് മുമ്പ് സംഘം എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. അവിടെ നിന്നുള്ള കാമറ ദൃശ്യങ്ങളായിരുന്നു പ്രതികളെ തിരിച്ചറിയുന്നതിന് സഹായിച്ചത്.

 

 




MathrubhumiMatrimonial