
ഓമനയെത്തേടി പശു തിരിച്ചെത്തി, എട്ടുമാസത്തിനുശേഷം
Posted on: 11 Apr 2015

കണ്ണൂര്‍: മാസം എട്ടുകഴിഞ്ഞിട്ടും ഓമനയുടെ പശു ഉടമസ്ഥയെ മറന്നില്ല. എട്ടുമാസം മുമ്പ് വിറ്റ പശുവും കിടാവും കഴിഞ്ഞ ഹര്‍ത്താല്‍ദിവസം രാവിലെ വീട്ടില്‍ തിരിച്ചെത്തി. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മാവിലാക്കണ്ടി ഹൗസില്‍ ഓമനയുടെ പശുവാണ് മാസങ്ങള്‍ക്കുശേഷം തിരിച്ചുവന്നത്. കച്ചവടം ഏജന്റ് വഴിയായിരുന്നതുകൊണ്ട് പശുവിനെയും കിടാവിനെയും എവിടെയാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ഓമന പറയുന്നു.
ചെലവ് കൂടിയതിനാലാണ് 11 വര്‍ഷമായി വീട്ടിലുണ്ടായിരുന്ന പശുവിനെ എട്ടുമാസം മുമ്പ് വിറ്റത്. എട്ടുലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെ പ്രസവത്തിനുശേഷം കിടാവിനൊപ്പം വില്ക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് പശുവും കിടാവും ഉടമസ്ഥയെ തേടിയെത്തിയത്.
വില്ക്കുമ്പോള്‍ നല്ല ആരോഗ്യമുണ്ടായിരുന്ന പശു അലഞ്ഞുതിരിഞ്ഞ് എല്ലും തോലുമായാണ് തിരിച്ചെത്തിയതെന്ന് ഓമന പറഞ്ഞു. എതായാലും രണ്ടുദിവസത്തെ സ്‌നേഹപൂര്‍ണമായ പരിചരണംകൊണ്ട് പശുവും കിടാവും വീണ്ടും ഉഷാറായിട്ടുണ്ട്.
വര്‍ഷങ്ങളായി പശുവളര്‍ത്തലില്‍ എര്‍പ്പെട്ടിരിക്കുന്ന ഓമനയുടെ വീട്ടില്‍ ഇപ്പോള്‍ അഞ്ചു പശുക്കളുണ്ട്.
