
അന്ധവിശ്വാസത്തിനെതിരെ തുറന്നിരുന്ന കണ്ണുകള്‍ ഇനി രണ്ടുപേരുടെ അന്ധതയകറ്റും
Posted on: 10 Apr 2015

യുക്തിവാദിപ്രസ്ഥാനത്തില്‍ സക്രിയമായി പ്രവര്‍ത്തിച്ചിരുന്ന തവനൂര്‍ രാജ്‌വിഹാറില്‍ രാജിയുടെ കണ്ണുകളാണ് ദാനംചെയ്തത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു രാജിയുടെ അന്ത്യം.
യുക്തിവാദിസംഘത്തിലും പുരോഗമന കലാസാഹിത്യസംഘത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള രാജി കുറ്റിപ്പുറത്ത് ?ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു. ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു . സംഘടനയുടെ സംസ്ഥാനസെക്രട്ടറി പദവും അലങ്കരിച്ചിട്ടുണ്ട്.
മതത്തിനതീതമായി ചിന്തിക്കാന്‍ എല്ലാവര്‍ക്കും പ്രേരണനല്‍കിയ അവര്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങളിലൂന്നിയുള്ള ചൂഷണങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനും നവസമൂഹമാധ്യമങ്ങളെ ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. എല്ലാറ്റിനും പിന്തുണയുമായി ഭര്‍ത്താവ് രാജഗോപാലുമുണ്ടായിരുന്നു. മിശ്രവിവാഹിതര്‍ക്കുവേണ്ടി നല്ലൊരു സംഘടനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് മരണം.
ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ബ്യൂട്ടീഷ്യന്മാര്‍ നടത്തിയ സമരങ്ങളിലും മുന്‍നിരയില്‍ രാജിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മലപ്പുറത്തുനടന്ന ജില്ലാസമ്മേളനത്തിലാണ് ഇരുനൂറോളം ബ്യൂട്ടീഷ്യന്മാര്‍ കണ്ണുകള്‍ ദാനംചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടുനല്‍കിയത്.
ഹൃദയസംബന്ധമായ തകരാറിനെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ രാജിയുടെ നില പിന്നീട് വഷളാവുകയും ബുധനാഴ്ച മരിക്കുകയുമായിരുന്നു. അമല ആസ്പത്രിയിലെ നേത്രവിഭാഗമാണ് കണ്ണുകള്‍ ശേഖരിച്ചത്. തവനൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പൊന്നാനിയിലെ ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
