
വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം.
Posted on: 08 Apr 2015

കൊച്ചി: സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിഷമില്ലാത്ത പച്ചക്കറികള്‍ വിഷുവിന് വിപണിയിലെത്തിച്ച് സി.പി.എം. പുതുവഴി തുറക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കീടനാശിനിയടിച്ച പച്ചക്കറികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്, ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലാകെ ജൈവ പച്ചക്കറികൃഷി ആരംഭിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ ഇരുപത് ഏരിയാകമ്മിറ്റികളിലെ 169 ലോക്കല്‍ കമ്മിറ്റികളിലായി 160 ഏക്കറിലധികം സ്ഥലത്താണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും വയലുകളിലുമെല്ലാം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൃഷി തുടങ്ങിക്കഴിഞ്ഞു. നഗരത്തില്‍ കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വന്തം വീടുകളിലും കൃഷി ആരംഭിച്ചിട്ടുണ്ട്.എല്ലാ അംഗങ്ങളുടേയും വീട്ടില്‍ ഒരു പച്ചക്കറിയെങ്കിലും നടണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മുപ്പത്തിമൂവായിരം പാര്‍ട്ടി അംഗങ്ങളുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നട്ടുനനച്ച പച്ചക്കറിത്തോട്ടങ്ങളില്‍നിന്നുള്ള വിളകള്‍ വില്പന നടത്തുന്നതിന് വിഷുവിന് ജില്ലയില്‍ നൂറോളം പച്ചക്കറി സ്റ്റാളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്റ്റാളുകള്‍ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 10ന് കാക്കനാട്ട് പാട്ടുപുരയ്കലില്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ.പി.ജയരാജന്‍ എം.എല്‍.എ നിര്‍വഹിക്കും.
പാര്‍ട്ടി അംഗങ്ങള്‍ നേരിട്ട് നടത്തുന്ന കൃഷിക്കൊപ്പം ഫ്ലൂറ്റുകളിലും വീടുകളിലും പൊതുജന പങ്കാളിത്തത്തോടെ കൃഷിയിറക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നുണ്ട്. ജൈവജീവിതം എന്ന പദ്ധതിക്കായി ഒരു സഹകരണസംഘവും പാര്‍ട്ടി രൂപവത്കരിച്ചിട്ടുണ്ട്. അമ്പത് വിദഗ്ധരടങ്ങുന്ന സൊസൈറ്റി, ഫ്ലൂറ്റുകളില്‍ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കോ-ഓര്‍ഡിനേറ്ററേയും തിരഞ്ഞെടുത്തിട്ടുണ്ട്. നഗരത്തിലെ 15 ഫ്ലൂറ്റുകള്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില ഫ്ലൂറ്റുകളില്‍ കൃഷി തുടങ്ങിക്കഴിഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതിയുള്ള സഹകരണസംഘങ്ങള്‍ വഴി സബ്‌സിഡി നിരക്കില്‍ ഗ്രോബാഗുകള്‍ നല്‍കുന്ന പദ്ധതിയും ആരംഭിച്ചു. ഇരുപതിനായിരം ഗ്രോബാഗുകള്‍ വിതരണം ചെയ്യും. സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷികാവശ്യത്തിന് നല്‍കാവുന്ന വായ്പകള്‍ ഉപയോഗിക്കും.സ്വാശ്രയ കാര്‍ഷകസംഘങ്ങള്‍ക്ക് പലിശരഹിതവായ്പ നല്‍കാനും സാധിക്കും. പച്ചക്കറികൃഷിയുടെ കാര്യത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കാനുള്ള ജനകീയ ഇടപെടലാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് രാജീവ് പറഞ്ഞു.
