Crime News

ആലുവ കൂട്ടക്കൊല; ആന്റണിക്ക് തൂക്കുമരം ഉറപ്പായി

Posted on: 06 Apr 2015


ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ആലുവ: ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ഉറപ്പായി. 2001 ജനവരി ആറിനാണ് മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യനേയും കുടുംബത്തേയും ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്.

ആലുവ സെന്റ് മേരീസ് സ്‌കൂളിനു സമീപം പൈപ്പ് ലൈന്‍ റോഡിലെ മാഞ്ഞൂരാന്‍ വീട്ടില്‍ വെച്ചാണ് അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ അമ്മ ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവര്‍ കൊലചെയ്യപ്പെടുന്നത്.

അഗസ്റ്റ്യന്റെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്നു ഇയാള്‍. വിദേശത്ത് ജോലി ലഭിച്ചതോടെ സാമ്പത്തിക സഹായത്തിനായി ഇയാള്‍ കൊച്ചുറാണിയെ സമീപിക്കാറുണ്ടായിരുന്നു.
സംഭവദിവസം വീട്ടിലെത്തിയ ആന്റണി വീട്ടുകാരുമായി സംസാരിച്ചിരുന്നു. അഗസ്റ്റ്യനും കുടുംബവും തൊട്ടടുത്ത സീനത്ത് തീയേറ്ററില്‍ സിനിമയ്ക്ക് പോയ സമയത്ത് ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കില്ലെന്ന് അറിയിച്ചതോടെ ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ക്ലാരയേയും കൊലപ്പെടുത്തി.

താന്‍ വീട്ടിലെത്തിയ കാര്യം അറിയാമായിരുന്ന അഗസ്റ്റ്യന്‍ പോലീസിനോട് വിവരം പറയുമെന്ന് ഉറപ്പിച്ച ആന്റണി സിനിമ കഴിഞ്ഞെത്തിയവരേയും വെട്ടിക്കൊന്നു.

സംഭവത്തിനു ശേഷം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്ന് ദമ്മാമിലേക്ക് പോയി. ആന്റണിയെ തന്ത്രപൂര്‍വം നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനു ശേഷം, കേസ് സി.ബി.ഐ.യും അന്വേഷിച്ചെങ്കിലും ആന്റണി കുറ്റക്കാരനാണെന്ന് തന്നെയായിരുന്നു കണ്ടെത്തല്‍. വധശിക്ഷയ്‌ക്കൊപ്പം ഭവനഭേദനത്തിന് ജീവപര്യന്തം കഠിനതടവിനും കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്ക് ഏഴ് വര്‍ഷം വീതം കഠിനതടവിനും ശിക്ഷിച്ചിരുന്നു.
ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി.

 

 




MathrubhumiMatrimonial