goodnews head

നാടിന്റെ നാനാഭാഗത്തുനിന്നും ഹാരീസിന്റെ മകള്‍ക്ക് സഹായഹസ്തം

Posted on: 05 Apr 2015


ഉദുമ: പിടയുന്ന മനസ്സുമായി ഓട്ടോസ്റ്റാന്‍ഡിലെത്തുന്ന ഹാരീസിന്റെ ഫോണിന് ശനിയാഴ്ച വിശ്രമം ഉണ്ടായില്ല. അവശേഷിക്കുന്ന മകളെ കാക്കാന്‍ തങ്ങളെല്ലാം ഒപ്പം ഉണ്ടെന്നറിയിക്കുന്ന വിളികളായിരുന്നു എല്ലാം. കോയമ്പത്തൂരിലെ ജെം ആസ്പത്രിയുടെ എം.ഡി. ഡോ. സി.പളനിവേലു ഹാരീസിന്റെ മകള്‍ ഫാത്തിമത്ത് സുഹറയ്ക്ക് വേണ്ട മുഴുവന്‍ വിദഗ്ധപരിശോധനകളും ചികിത്സയും സൗജന്യമായി നല്കാമെന്ന് വാഗ്ദാനം ചെയ്തു. കോയമ്പത്തൂര്‍ ജേണലിസ്റ്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികളും മലയാളി പത്രപ്രവര്‍ത്തകനുമായ അഷറഫ് വേലിക്കിലത്ത് ഹാരീസിനും മകള്‍ക്കും സൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ പള്ളിക്കുന്നിലെ നാഡീ-മര്‍മ ചികിത്സകന്‍ എ.എന്‍.പ്രസന്നനും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു. മമ്പറത്തെ റിട്ട. അധ്യാപിക നിര്‍മല സാമ്പത്തികസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പാനൂര്‍ വള്ള്യായി ഈസ്റ്റിലെ ജ്യോതിഷും മട്ടന്നൂര്‍ ശിവപുരത്തെ പ്രമോദും സഹായവാഗ്ദാനം ചെയ്തവരില്‍ ചിലര്‍മാത്രം. നാലുമാസത്തിനിടയില്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട് ദുരന്തങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന ഹാരീസിന്റെയും കുടുംബത്തിന്റെയും ദൈന്യം ശനിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. പ്രദേശത്തെ ക്ലൂബ്ബ് പ്രവര്‍ത്തകര്‍ ജനകീയ കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

 

 




MathrubhumiMatrimonial