
സമിതി വാര്‍ഷികത്തിന് ആര്‍ഭാടം ഒഴിവാക്കി രോഗിക്ക് ധനസഹായം
Posted on: 04 Apr 2015

ചെങ്ങന്നൂര്‍: സാംസ്‌കാരിക സമിതി വാര്‍ഷികാഘോഷങ്ങളുടെ ആര്‍ഭാടം ഒഴിവാക്കിയപ്പോള്‍ ചികിത്സാച്ചെലവുകള്‍ക്ക് പണമില്ലാതെ വിഷമിച്ച വൃക്കരോഗിക്ക് 1,11,049 രൂപയുടെ കൈത്താങ്ങ്. കൊല്ലകടവ് കലാ കായിക സാംസ്‌കാരിക വേദിയാണ് ഒന്നാം വാര്‍ഷികാഘോഷവേളയില്‍ വേറിട്ട കര്‍മ്മ പദ്ധതിയുമായി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയത്.
ഇരു വൃക്കകളും തകരാറിലായ, വെണ്മണി കിഴക്കേ തുരുത്തിയില്‍ രാജേഷ് ഭവനത്തില്‍ ദേവദാസിന്റെ ദുരിതകഥ അവിചാരിതമാണ് സമിതി പ്രവര്‍ത്തകരില്‍ ഓരാളുടെ കാതിലെത്തിയത്. ഇദ്ദേഹം സമിതിയിലെ മറ്റ് അംഗങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. ആഘോഷങ്ങളെക്കാള്‍ ഒരാളെ വിഷമാവസ്ഥയില്‍ സഹായിക്കുന്നതാണ് നല്ലതെന്ന കാര്യത്തില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.
അങ്ങനെ ആഘോഷത്തിന്റെ എല്ലാ ആര്‍ഭാടങ്ങള്‍ക്കും അവധി നല്‍കി വാര്‍ഷികം നടത്താന്‍ തീരുമാനിച്ചു. ഒപ്പം ദേവദാസിനെ വീട്ടില്‍ പോയി കണ്ട് വിവരങ്ങള്‍ മനസ്സിലാക്കി സഹായപദ്ധതിയുമായി നാട്ടുകാരുടെ മുന്നിലേക്കിറങ്ങി. അത് വിജയം കണ്ടു. ഒരു ലക്ഷത്തിലധികം രൂപ ഇവര്‍ക്ക് സമാഹരിക്കാന്‍ കഴിഞ്ഞു.
കാരുണ്യസ്പര്‍ശം കലര്‍ന്ന വാര്‍ഷിക ആഘോഷവേളയില്‍ ദേവദാസിന് സഹായധനം അമ്മ ഓമനയ്ക്ക് വെണ്മണി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിതയും അധ്യാപകനും ടി.വി. അവതാരകനുമായ ശങ്കരനാരായണന്‍ ചെട്ടികുളങ്ങരയും ചേര്‍ന്ന് കൈമാറി. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി കരുണാകരന്‍, കവയിത്രി സരോജിനി ഉണ്ണിത്താന്‍, സുരേഷ് ബാബു, ഉഷ വാക്കയില്‍, ഷാജി, ഷഫീക്ക് പുഴയ്ക്കല്‍, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
