Crime News

വാളകം കേസ്: സി.ബി.ഐ. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് അധ്യാപകന്റെ ഭാര്യ

Posted on: 31 Mar 2015


കൊച്ചി: വാളകം കേസ് അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ. നടപടിക്കെതിരെ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത എറണാകുളം സി.ജെ.എം. കോടതിയില്‍. സി.ബി.ഐ. നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന്റെ മുന്നോടിയായി കോടതിയില്‍ നിന്ന് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹാജരായി എതിര്‍പ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മജിസ്‌ട്രേട്ട് കെ.എസ്. അംബിക നിര്‍ദ്ദേശിച്ചു. കേസ് ഏപ്രില്‍ 27 ന് വീണ്ടും പരിഗണിക്കും.

രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ 2011 സപ്തംബര്‍ 27-നാണ് പരിക്കേറ്റ നിലയില്‍ വാളകം എം.എല്‍.എ. ജങ്ഷനില്‍ കണ്ടെത്തിയത്. 17 പേരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചത്.

അധ്യാപകന്റെ ശരീരത്തിലേറ്റ മുറിവുകള്‍ മുകളില്‍ നിന്ന് വീഴുമ്പോഴോ പെട്ടെന്ന് വാഹനം തള്ളിക്കയറുമ്പോഴോ ഉണ്ടാകുന്നതാണെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന നിരീക്ഷണത്തോടെ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചത്.

 

 




MathrubhumiMatrimonial