goodnews head

രണേന്ദ്രനെ യാത്രയയയ്ക്കാന്‍ പ്രിയശിഷ്യ പ്രീജ ശ്രീധരന്‍ എത്തി

Posted on: 30 Mar 2015



മറയൂര്‍: കൊട്ടും കുരവയുമില്ലാതെ ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെ രണേന്ദ്രന്‍ ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി. ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ പ്രിയശിഷ്യ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ കുടുംബസമേതം മറയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി.
ഇന്ത്യയില്‍ അറിയപ്പെടുന്ന കായികതാരങ്ങളുടെ ഗുരുവാണ് രണേന്ദ്രന്‍. വി.ആര്‍.എന്ന രണേന്ദ്രന്‍മാഷ്. പ്രീജ ശ്രീധരന്‍, കെ.എസ്.ബിജിമോള്‍, ആല്‍വിന്‍ സജി, ഹോക്കി ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീജേഷ് തുടങ്ങി നീളുന്നു ഇദ്ദേഹം പരുവപ്പെടുത്തിയെടുത്ത കായിക മുളകളുടെ നീണ്ട നിര.

1984 ല്‍ രാജാക്കാട് ഗവ.ഹൈസ്‌കൂളില്‍ കായിക അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച രണേന്ദ്രന്‍ മുട്ടം ജി.എച്ച്.എസ്., കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, തിരുവനന്തപുരം ജി.വി.രാജാ തുടങ്ങിയ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ച് കഴിഞ്ഞ മൂന്നുവര്‍ഷമായി മറയൂര്‍ ഗവ.ഹൈസ്‌കൂളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. രാജാക്കാട്ടില്‍നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച പ്രീജാ ശ്രീധരനെ ആറുവയസ്സുമുതല്‍ പരിശീലിപ്പിച്ച രണേന്ദ്രന്‍ സാറിന് പിന്നീട് കായികലോകത്ത് പ്രീജാ ശ്രീധരന്റെ വളര്‍ച്ച അഭിമാനത്തോടെ മാത്രമേ കണ്ടുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

രണേന്ദ്രന്‍ സാറിന്റെ കഴിവുകളെ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ കായികരംഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലായെന്ന് പ്രീജാ ശ്രീധരന്‍ പറഞ്ഞു. ചെറുപ്പത്തിലെ തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് അത് വളര്‍ത്തിയെടുത്ത് പ്രസിദ്ധിയിലേക്ക് ഉയരാന്‍കാരണം മാഷാണെന്ന് പ്രീജ പറഞ്ഞു. ഒരു പിതാവിന്റെ സ്‌നേഹവും പരിലാളനവുമാണ് തനിക്ക് മാഷില്‍നിന്ന് ലഭിച്ചിട്ടുള്ളതെന്നും പറഞ്ഞു. തൊടുപുഴ കരിങ്കുന്നം പാമ്പ്രയില്‍ രാഘവന്‍-ദേവയാനി ദമ്പതിമാരുടെ 6 മക്കളില്‍ രണ്ടാമത്തെ മകനാണ് രണേന്ദ്രന്‍മാഷ്. ഭാര്യ: സന്ധ്യ. മക്കള്‍: ശരണ്യ, ശരണ്‍, (ദുബായ്). യാത്രയപ്പുേയാഗം മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് എസ്.ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രീജാ ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു.

 

 




MathrubhumiMatrimonial