Crime News

കൊക്കെയിന്‍ കേസ്; മിന്നല്‍ വേഗത്തില്‍ 59ാം ദിവസം കുറ്റപത്രം

Posted on: 31 Mar 2015


കൊച്ചി: ഏറെ വിവാദപ്പുകയുയര്‍ത്തിയ കൊക്കെയിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരവേഗത്തില്‍.പ്രതികളെ പിടികൂടി 60 ദിവസമായാല്‍ ഇവര്‍ക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കാന്‍ സാധ്യതയുളളതിനാലാണ് അതിന് തൊട്ടു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.ഏറെ കുഴഞ്ഞു മറിഞ്ഞ കേസില്‍ 59 ദിവസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായത് നേട്ടമാണ്.കുറ്റപത്രം കൊടുക്കാതിരുന്നാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായകരമായെന്ന പഴി കേള്‍ക്കും.

അതില്ലാതെ ജാമ്യാപക്ഷ ഹൈക്കോടതി പരിഗണിക്കും മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു.ഹൈക്കോടതി അഞ്ചുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

ജനവരി 31 ന് പുലര്‍ച്ചെയാണ് കടവന്ത്രയിലെ ഫ്ലൂറ്റില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ അഞ്ചുപേര്‍ പിടിയിലായത്.തിങ്കളാഴ്ച പ്രതികള്‍ റിമാന്‍ഡില്‍ 59 ദിവസം പൂര്‍ത്തിയാക്കി.കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയ നൈജീരിയന്‍ സ്വദേശി ഒക്കാവോ കോളിന്‍സ്,കേസുമായി ബന്ധപ്പെട്ട് ചെന്നെയില്‍ നിന്ന് ആറസ്റ്റിലായ ചെന്നൈ ബസന്ത് നഗര്‍ സ്വദേശി പൃഥിരാജ് (25),പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് (28)എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഇവര്‍ക്ക് മയക്കുമരുന്നെത്തിയതിന്റ ഉറവിടം ഉള്‍പ്പെടെ അന്വേഷിക്കാനുണ്ട്.അതു ചേര്‍ത്ത് സപ്ലിമെന്റ് കുറ്റപത്രമാണ് ഇനി സമര്‍പ്പിക്കുക.

സെന്‍ട്രല്‍ പോലീസ് സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായിരുന്ന അനില്‍കുമാര്‍,ഉണ്ണി,റഫീഖ്,ഷാജി,മനോജ്,ജോയ് എന്നിവരായിരുന്നു ടീമില്‍.

 

 




MathrubhumiMatrimonial