Crime News

ഡു....ഡും... നാസിക്ക് ഡോള്‍: 300 പേര്‍ക്കെതിരെ കേസ്‌

Posted on: 31 Mar 2015


തൃശ്ശൂര്‍: ഒരു നാസിക്‌ഡോള്‍പ്രയോഗം തന്നെ അസഹനീയമാണെന്നുള്ളപ്പോള്‍ നാസിക്‌ഡോളിന്റെ ജില്ലാ സമ്മേളനംതന്നെ നടന്നാലോ? തിങ്കളാഴ്ച രാവിലെ നഗരത്തിലെ അവസ്ഥ ഇതായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂന്നൂറോളംപേരാണ് ഈ വാദ്യവുമായി നിരത്തിലിറങ്ങിയത്. ഇവ ഒരുമിച്ചുമുഴങ്ങിയതോടെ അത് കര്‍ണ്ണകഠോരമായി. ഒടുവിലിത് പോലീസെത്തി നിര്‍ത്തിവെപ്പിച്ചു. ഗതാഗതം മുടക്കിയതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും മുന്നൂറോളം പേര്‍ക്കെതിരെ കേസ് എടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നാസിക്‌ഡോള്‍ ഓണേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് സമിതിയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനമായിരുന്നു വേദി. ഇതിനായി നാസിക് ഡോളുകാര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടി. പിന്നെ മുട്ടുതുടങ്ങി. തേക്കിന്‍കാട് മൈതാനിയില്‍ കൊട്ടിത്തിമിര്‍ത്തതു പോരാഞ്ഞിട്ട് ഇവര്‍ റൗണ്ടിലേക്കിറങ്ങി.

പിന്നെ നഗരവീഥിയിലൂടെ ഒരു 'കൊട്ടല്‍' തന്നെയായിരുന്നു. ഇഴഞ്ഞുനീങ്ങിയ ഇവരുടെ കൊട്ട് ഒരുമണിക്കൂറോളം നീണ്ടു. അത്രയും സമയം നഗരത്തിലുണ്ടായിരുന്നവര്‍ ശബ്ദംകൊണ്ടു വലഞ്ഞു. എന്നാല്‍, പ്രകടനത്തിന് പോലീസ് അനുമതിയുണ്ടായിരുന്നുവെന്നും നാസിക്‌ഡോളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നുവെന്നും സംഘാടകര്‍ അറിയിച്ചു. ഇത്രശബ്ദത്തില്‍ കൊട്ടരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നെഞ്ചിലേക്കു തുളച്ചുകയറുന്ന ശബ്ദമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനൊക്കെ ആര് അനുമതി കൊടുക്കുന്നുവെന്ന രോഷവും പല വ്യാപാരികളില്‍നിന്നും ഉയര്‍ന്നു.

 

 




MathrubhumiMatrimonial