Crime News

ബി.ജെ.പി. നേതാവിന്റെ വീടിനുനേരെ ആക്രമണം

Posted on: 30 Mar 2015


പിണറായി: പാറപ്രത്ത് ബി.ജെ.പി. ധര്‍മടം നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.കെ.ഗിരിധരന്റെ വീട് അക്രമികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഗിരിധരന്റെ ഭാര്യ ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗംകൂടിയായ പി.കെ. കാര്‍ത്ത്യായനിയെ വീടിനകത്ത് അതിക്രമിച്ചുകടന്ന സംഘം കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായി അവര്‍ ധര്‍മടം പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.

ഗിരിധരന്റെ വീട്ടിനു സമീപത്തെ മണ്ടോളിടത്ത് കാവില്‍ ഞായറാഴ്ച ഉത്സവം നടക്കുകയായിരുന്നു. ഉത്സവത്തിനെത്തിയവരെന്ന വ്യാജേന വെള്ളം ചോദിച്ചെത്തിയ അക്രമിസംഘം ഗിരിധരനെ അന്വേഷിച്ചു. ഭര്‍ത്താവ് പുറത്താണെന്ന് പറഞ്ഞപ്പോള്‍ ആയുധങ്ങളുമായി വീടിനകത്തുകടന്ന സംഘം കാര്‍ത്ത്യായനിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാല്പതോളം വരുന്ന അക്രമിസംഘം വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ ഇരുമ്പുവടിയും കല്ലും ഉപയോഗിച്ച് എറിഞ്ഞും അടിച്ചും തകര്‍ത്തു. ഈ സമയത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന ഗിരിധരന്‍ മുറി തുറക്കാതിരുന്നതിനാലാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. പിണറായി മേഖലയില്‍ ഒരുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വീടാക്രമണമാണ് ഞായറാഴ്ച പാറപ്രത്തുണ്ടായത്. വെണ്ടുട്ടായിയിലും ചേരിക്കല്ലിലുമാണ് മുമ്പ് സമാനരീതിയില്‍ ആക്രമണമുണ്ടായത്.

സംഭവം നടന്നയുടന്‍ ധര്‍മടം പ്രിന്‍സിപ്പല്‍ എസ്.ഐ. സാജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ബി.ജെ.പി., ആര്‍.എസ്.എസ്. നേതാക്കളായ കെ.രഞ്ചിത്ത്, സത്യപ്രകാശ്, കളത്തില്‍ സുരേന്ദ്രന്‍, എ.അനില്‍കുമാര്‍, ഹരീഷ്ബാബു എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ധര്‍മടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറപ്രത്ത് പ്രതിഷേധപ്രകടനം നടന്നു.

 

 




MathrubhumiMatrimonial