
ചന്ദ്രബോസ് കൊലക്കേസ് : കുറ്റപത്രം ഇന്ന് നല്കില്ല
Posted on: 30 Mar 2015
കേസില്‍ നൂറിലധികം സാക്ഷികള്‍

ഫോറന്‍സിക് തെളിവുകള്‍ സംബന്ധിച്ച ഒരു സര്‍ട്ടിഫിക്കറ്റുകൂടി ലഭിക്കേണ്ടതിനാലാണ് കുറ്റപത്രസമര്‍പ്പണം മാറ്റിയത്. കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന്റെ ജോലികളെല്ലാം പൂര്‍ത്തിയായി. ഫോറന്‍സിക് ലാബില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്നും ലഭിക്കേണ്ടതാണ്.
സംഭവത്തെക്കുറിച്ച് നേരിട്ടു വിവരങ്ങള്‍ നല്കാന്‍ സാധിക്കുന്ന 12 പേര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കേസില്‍ സാക്ഷികളായുള്ളത്. ഇതില്‍ നിഷാമിന്റെ ഭാര്യ അമലും ഉള്‍പ്പെടും. ഏതെങ്കിലും സാഹചര്യത്തില്‍ അമല്‍ കൂറുമാറിയാല്‍ പ്രതിക്ക് ലഭിക്കുന്നതിന് സമാനമായ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായി അത് മാറും.
കോടതി അവധിമൂലം കേസു പരിഗണിക്കുന്നത് വൈകാതിരിക്കാനുള്ള നടപടി കുറ്റപത്രം കോടതി സ്വീകരിക്കുന്നതോടെ ആലോചിക്കുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി വൈകിയിട്ടില്ല. 90 ദിവസത്തിനുള്ളില്‍ ഇത് നല്കിയാല്‍ മതി.
തയ്യാറാക്കിയ കുറ്റപത്രം അഡ്വ. ഉദയഭാനു പരിശോധിച്ചു. ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ ഇത് കോടതിയില്‍ സമര്‍പ്പിക്കാനും പോലീസ് ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി, അസി.കമ്മിഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അഭിഭാഷകരായ റോബ്‌സണ്‍ പോള്‍, രാജന്‍, സി.എസ്. ഋത്വിക് എന്നിവരും പ്രോസിക്യൂട്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
