
രാമല്ലൂര്‍ പാടത്ത് വിളയുന്നത് കൂട്ടായ്മയുടെ പച്ചക്കറി
Posted on: 30 Mar 2015

കോഴിക്കോട്: ജാതിയേയും മതത്തേയും രാഷ്ട്രീയത്തേയും മായ്ച്ചുകളയുകയാണ് കാക്കൂര്‍ രാമല്ലൂര്‍പാടത്ത് കര്‍ഷകര്‍. 114 കുടുംബങ്ങളാണ് പാടത്ത് ഒന്നിച്ച് പച്ചക്കറി വിളയിക്കുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ രാമല്ലൂര്‍ കുനിയടിക്കാവിന് താഴെ പാടത്തെത്തും. എല്ലാ ദിവസവും രാവിലേയും വൈകിട്ടും. ഒറ്റപ്പൂവാണ് ഈ പാടത്ത് നെല്‍ക്കൃഷി.
പണ്ട് ഇവിടെ കന്നുകാലിച്ചന്തയായിരുന്നു. ബാലുശ്ശേരിയില്‍നിന്നും കുറ്റിയാടിയില്‍ നിന്നുമൊക്കെ കച്ചവടത്തിന് കാലികളുമായി ആളെത്തി. വഴിവാണിഭങ്ങള്‍ നിറഞ്ഞു. നാട്ടില്‍ ഉത്സവമായിരുന്നു അക്കാലത്ത്. പിന്നീട് കന്നുകാലിച്ചന്ത പഞ്ചായത്തിന്റെതന്നെ നേരിട്ടുള്ള നടത്തിപ്പിലായി. എല്ലാവരും ഒന്നിച്ചു ചേര്‍ന്നുള്ള കൂട്ടായ്മ പതിയെ മാഞ്ഞു. രാഷ്ട്രീയമായ തര്‍ക്കങ്ങളും നടത്തിപ്പുചെലവിന്റെ കണക്കെടുപ്പുകളും തലനാരിഴകീറി ചര്‍ച്ചയായി. പതിയേ ചന്ത നിലച്ചു. പാടം തരിശായി.
കാലിച്ചന്തയും കൃഷിയുമായിരുന്നപ്പോള്‍ നാട്ടുകാര്‍ക്കെല്ലാംതമ്മില്‍ നല്ല ബന്ധമായിരുന്നു. ഓരോ വീടുകള്‍തമ്മിലും നിലനിന്ന ബന്ധത്തിന് ആഴം കുറഞ്ഞു. അതിനിടെയാണ് രാമല്ലൂര്‍ പാടത്ത് വീണ്ടും കൃഷി വരുന്നത്. ജനകീയപച്ചക്കറിക്കൃഷി. പുതുക്കോട്ടുംകണ്ടി ഗിരീശനാണ് പദ്ധതി മുന്നോട്ടു െവച്ചത്. സ്വകാര്യബസ്സിലെ ഡ്രൈവറായിരുന്നു ഗിരീശന്‍. പരമ്പരാഗതകൃഷി വിട്ട് വണ്ടിയോടിക്കാന്‍ പോയ ഗിരീശന്‍ വയലില്‍ ഇട്ട ആശയം എല്ലാവരും ഏറ്റെടുത്തു.
ആദ്യം മുന്നോട്ടുവന്നത് റിട്ട. എന്‍ജിനീയറായ സലാമാണ്. ഭാര്യ റസിയയുടെ പേരിലുള്ള നിലത്തുനിന്ന് കുളം കുത്താന്‍ സലാം സൗജന്യമായി സ്ഥലം നല്‍കി. ഗിരീശനും സലാമും ചേര്‍ന്നപ്പോള്‍ മറ്റുള്ളവരുമെത്തി. നാലിനം ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഇവര്‍ നാട്ടുകാര്‍ക്ക് നല്‍കി. വെള്ളവും വളവുമായതോടെ പാടത്ത് പച്ചപ്പായി.
എല്ലാ പച്ചക്കറികളും വിളയുന്നു രാമല്ലൂര്‍ പാടത്ത് ഇപ്പോള്‍. നാടിനു മുഴുവന്‍ കണിവെള്ളരിയും ഇതേ പാടത്തുനിന്നാണ് ഇത്തവണ.
'ഏറ്റവും പ്രായംചെന്ന കര്‍ഷകര്‍മുതല്‍ ചെറിയ കുട്ടികള്‍വരെ പിന്തുണ നല്‍കുന്നു. ഇതിനപ്പുറം അനുഗ്രഹം എന്തിനാണ്' -ഗിരീശന്‍ പറഞ്ഞു.
മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളും വിഷു കഴിയുമ്പോള്‍ വിതരണംചെയ്യും. മികച്ച കുട്ടിക്കര്‍ഷകന്‍, മികച്ച കര്‍ഷകസ്ത്രീ, ഏറ്റവും പ്രായംചെന്ന കര്‍ഷകന്‍, സര്‍വോപരി ഏറ്റവും മികച്ച കര്‍ഷകന്‍. ഇവര്‍ക്കെല്ലാം ട്രോഫികളും ഷീല്‍ഡും കിട്ടും.
എന്നാല്‍ ഇതിനേക്കാള്‍ വലിയ പുരസ്‌കാരത്തിന്റെ നിറവാണിപ്പോള്‍ രാമല്ലൂര്‍ പാടത്ത്. 114 കുടുംബങ്ങള്‍ ഒന്നിച്ച് പാടത്തിറങ്ങുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സ്പര്‍ശിക്കാനാവാത്ത ആഴ്ചച്ചന്തയുടെ ആത്മാവ് തുടിക്കുകയാണ് രാമല്ലൂരില്‍.
