goodnews head

വിശ്രമവേളകളില്‍ പച്ചക്കറി വിളയിച്ച് ഓട്ടോ തൊഴിലാളികള്‍

Posted on: 28 Mar 2015


കരുമാല്ലൂര്‍: പത്ത് സെന്റോളം വരുന്ന പറമ്പില്‍ വെണ്ട, പയര്‍, പീച്ചില്‍ തുടങ്ങിയ എഴിനത്തിലുള്ള പച്ചക്കറികള്‍. കൂടാതെ കുറച്ച് റോബസ്റ്റ വാഴയും. ആലങ്ങാട് നീറിക്കോട് കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കിയപ്പോള്‍ തയ്യാറായതാണ് ഈ മാതൃകാ കൃഷിത്തോട്ടം. ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകണ്ടപ്പോള്‍ മോഹംകൊണ്ട് ആദ്യം കുറച്ച് പയര്‍മണികള്‍ വിതച്ചു. അത് നന്നായി കിട്ടിയപ്പോഴാണ് ഒരു പച്ചക്കറിത്തോട്ടമൊരുക്കണമെന്ന ആശയം തൊഴിലാളികള്‍ക്കിടയില്‍ ഉദിച്ചത്.

ഉടന്‍തന്നെ 14പേര്‍ ചേര്‍ന്ന് ഒരു സ്വാശ്രയസംഘമുണ്ടാക്കി. അവര്‍തന്നെ നിലമൊരുക്കി വിവിധ വിത്തുകള്‍ പാകി. ആലങ്ങാട് കൃഷിഭവനില്‍നിന്നും കുറച്ച് വിത്ത് സൗജന്യമായി കിട്ടി. ബാക്കി കുറച്ച് പുറത്തുനിന്നും പണംകൊടുത്ത് വാങ്ങി. വളത്തിനെല്ലാമായി സമീപത്തുള്ള നീറിക്കോട് സഹകരണബാങ്ക് സഹായിച്ചു. പലിശയില്ലാതെ സ്വാശ്രയസംഘത്തിന് 5000 രൂപ വായ്പ നല്‍കി.

കൃഷിയുടെ നനയും വളമിടലും മറ്റുപരിചരണവുമെല്ലാം തൊഴിലാളികള്‍തന്നെ മാറിമാറി ചെയ്തു. വിതച്ചതില്‍നിന്നും 1500 രൂപയുടെ ചീര വിവിധ കടകളിലായി ഈ ഓട്ടോ കര്‍ഷകര്‍ വിറ്റ് കാശാക്കി. പീച്ചിലും വെണ്ടയുമെല്ലാം വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് ഉദ്ഘാടനം ചെയ്തു. നീറിക്കോട് ബാങ്ക് സെക്രട്ടറി അനില്‍കുമാര്‍, പഞ്ചായത്തംഗം വി.ബി.ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial