Crime News

മലയാളി സൈനികനെ കൊന്ന പ്രതിയെ വാട്ട്‌സ്ആപ്പിലൂടെ കുടുക്കി ഡല്‍ഹി പോലീസ്‌

Posted on: 25 Mar 2015


ന്യൂഡല്‍ഹി: ഭിക്ഷ നല്‍കാന്‍ വിസമ്മതിച്ച മലയാളി സൈനികനെ കുത്തിക്കൊന്ന പ്രതിയെ വാട്ട്്‌സ് ആപ്പ് ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് ഡല്‍ഹി പോലീസ് പിടികൂടി. സിക്കന്തര്‍ എന്ന യാചകനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ജമ്മുകാശ്മീരില്‍ ജോലി ചെയ്യുന്ന സഹസ്ത്ര സീമാ ബല്‍ കോണ്‍സ്റ്റബിള്‍ സെല്‍വരാജാണ്(27) കൊല്ലപ്പെട്ടത്. അവധിക്ക് ശേഷം കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ എത്തി കാശ്മീരിലേക്കുള്ള തീവണ്ടി യാത്രയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം.

കേരളത്തില്‍ നിന്നും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി ഇറങ്ങി കാശ്മീരിലേക്കുള്ള വണ്ടി മാറിക്കയറാനായുള്ള യാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രയ്ക്കിടെ ബിയറു വാങ്ങാന്‍ ഇറങ്ങിയ സെല്‍വരാജിനോട് സിക്കന്തര്‍ മദ്യം ആവശ്യപ്പെടുകയായിരുന്നു. സെല്‍വരാജ് മദ്യം നല്‍കാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് പ്രകേപിതനായ സിക്കന്തര്‍ സെല്‍വരാജിനെ കുത്തുകയായിരുന്നു.

വഴിപോക്കര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ആക്രമം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സെല്‍വരാജിനെ കുത്തിയ ശേഷം കടന്നു കളയുന്ന സിക്കന്തറില്‍ ദൃശ്യങ്ങള്‍ കിട്ടി. അവ എല്ലാ ബീറ്റ് ഓഫീസര്‍മാര്‍ക്കും ഉടന്‍ വാട്ട്്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയും വിവിരങ്ങള്‍ നല്‍കുകയും ചെയ്തു. അരമണിക്കൂറിനുള്ളില്‍ രണ്ട് ബീറ്റ് ഓഫീസര്‍മാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെ പിടികൂടി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അവരിലൊരാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് മനസിലായി.

എല്ലാ പോലീസ് ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഉപകരിക്കുമെന്ന് ഡല്‍ഹി പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശമുണ്ടായിരുന്നു.

 

 




MathrubhumiMatrimonial