Crime News

ബാലന്‍ വധക്കേസ് പ്രതിക്ക് ജീവപര്യന്തം

Posted on: 25 Mar 2015


കാസര്‍കോട്: ഇടയിലക്കാട് ബാലന്‍ വധക്കേസില്‍ പ്രതി കള്ളാര്‍ പൂടംകല്ല് അയ്യന്‍കാവ് കളത്തില്‍ സ്വദേശി മോഹനനെ (62) കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ജീവപര്യന്തം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. ഫൊറന്‍സിക് വിദഗ്ധയുടെയും പോലീസ് നായയുടെയും സഹായം നിര്‍ണായകമായി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. അന്നത്തെ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട ബാലന് ഭാര്യയും മുന്നു പെണ്‍മക്കളുമാണുള്ളത്.

2013 ജനവരി 12 രാത്രി ഒമ്പത് മണിയോടെയാണ് ഉദിനൂര്‍ ഇടയിലക്കാട് കൊല്ലം ഹൗസില്‍ കെ.ബാലന്‍ (58) കുത്തേറ്റ് മരിച്ചത്. കുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ചന്തേര പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിച്ചത്. മൂന്നാംദിവസം കോഴിക്കോട് നടുവണ്ണൂരില്‍ െവച്ച് പ്രതി കെ.എന്‍.മോഹനനെ അറസ്റ്റ് ചെയ്തു. തെങ്ങ്‌ചെത്ത് വിദഗ്ധനായ മോഹനന്‍ സംഭവത്തിന് ഒമ്പത് മാസം മുമ്പാണ് ഇടയിലക്കാട്ട് എത്തിയത്. സംഭവദിവസം രാത്രിയില്‍ മോഹനന്‍ ബാലന്റെ വീടിന്റെ ടെറസില്‍ ഉണ്ടായിരുന്നത് ചോദ്യംചെയ്തത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 2013 മാര്‍ച്ച് 30-ന് കുറ്റപത്രം സമര്‍പ്പിച്ചു. 26 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍, ഫൊറന്‍സിക് സര്‍ജന്‍, ഡോഗ് സ്‌ക്വാഡ് ട്രെയിനര്‍ അടക്കമുള്ളവരെ വിസ്തരിച്ചു. 19 രേഖകളും 12 മുതലുകളും സമര്‍പ്പിച്ചു.

 

 




MathrubhumiMatrimonial