
കനിവായി കോടതിയുടെ ഇടപെടല്‍; സംരക്ഷണം 'നിര്‍ഭയ'യ്ക്ക്
Posted on: 25 Mar 2015
ലഹരിച്ചുഴിയിലൊരു പെണ്‍കുട്ടി
കൊച്ചി: ലഹരി മാഫിയയുടെ പിടിയിലകപ്പെട്ട പെണ്‍കുട്ടിക്ക് കനിവായി കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയുടെ സംരക്ഷണം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന് ഏല്പിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പെണ്‍കുട്ടിയെ സാമൂഹിക നീതിവകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. തെരുവുവെളിച്ചം റസ്‌ക്യു ഹോം ജനറല്‍ സെക്രട്ടറി എസ്. മുരുകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടി കാമുകനെതിരെ നല്‍കിയ പരാതി പോലീസ് അന്വേഷിക്കുന്നുണ്ട്. കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് ഇയാള്‍. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ രക്ഷിതാക്കളും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ നിര്‍ഭയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ആറ് വര്‍ഷമായി കഞ്ചാവിന് അടിമയാണ് 21 വയസ്സുള്ള ഈ പെണ്‍കുട്ടി. കഞ്ചാവ് കേസിലുള്‍പ്പെട്ട് പലതവണ പോലീസ് പിടിയിലായിട്ടുണ്ട്. കാമുകനുമായി വഴക്കിട്ട് ആത്മഹത്യക്ക് ശ്രമിക്കവേയാണ് പെണ്‍കുട്ടി ഇത്തവണ പിടിയിലായത്.
ഗര്‍ഭിണിയായതിനാല്‍ ലഹരിവിമുക്ത ചികിത്സയുടെ ഭാഗമായും മറ്റുമുള്ള മരുന്നുകളൊന്നും പെണ്‍കുട്ടിക്ക് നല്‍കാനാവില്ല. നല്ല ഭക്ഷണവും കൗണ്‍സലിങ്ങും പുനരധിവാസവും എല്ലാമാണ് ആവശ്യം. പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന നിര്‍ദേശവും കോടതി പോലീസിന് നല്‍കിയിട്ടുണ്ട്.
