Crime News

പട്രോളിങ്ങിനിടെ പോലീസുകാരന് തലയ്ക്കടിയേറ്റ സംഭവത്തില്‍ അന്വേഷണം തുടങ്ങി

Posted on: 22 Mar 2015


കാഞ്ഞാണി: രാത്രി പട്രോളിങ്ങിനിടെ പോലീസുകാരന് തലയ്ക്കടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അന്തിക്കാട് സ്റ്റേഷനിലെ സി.പി.ഒ. പൊറത്തിശ്ശേരി എരാശ്ശേരി സുധീറിനാണ് മര്‍ദ്ദനമേറ്റത്. വഴിയില്‍ കിടന്നിരുന്ന മദ്യപനെ എടുത്ത് മാറ്റാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ കയ്യിലെ ലത്തി വാങ്ങി അയാള്‍ സുധീറിന്റെ തലയ്ക്കടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ഇതോടെ ഓടി. പിന്നീട് സിനിമയെവെല്ലുന്ന രീതിയിലാണ് സംഭവങ്ങള്‍ നടന്നത്. പോലീസുകാരെ വിരട്ടിയോടിച്ച പ്രതി ജീപ്പിന്റെ ചില്ലില്‍ ലാത്തികൊണ്ടടിച്ചു.

പോലീസ് ജീപ്പില്‍ കയറി താക്കോല്‍ ഊരിയെടുത്ത ശേഷമാണ് അക്രമി സ്ഥലംവിട്ടത്. താക്കോല്‍ സമീപത്തെ പുരയിടത്തിലേക്ക് എറിയുകയായിരുന്നു. ഇതോടെ പോലീസ് രാത്രി റോഡിലകപ്പെട്ടു. അതേ സമയം മൂന്ന് പോലീസുകാരുണ്ടായിട്ടും പ്രതി രക്ഷപ്പെട്ടത് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചാവിഷയമാണ്.

സി.പി.ഒ. സുധീറിനെ മദര്‍ ആസ്പത്രിയില്‍ അരിമ്പൂര്‍ പഞ്ചായത്തംഗം പോളാണ് എത്തിച്ചത്. തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇലക്ട്രീഷന്‍ അറുമുഖനെ വരുത്തിയാണ് ജീപ്പ് പോലീസ് കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് കടവില്‍ കിഷോര്‍ എന്നയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വര്‍ക്ഷോപ്പുകളില്‍ മെക്കാനിക്കായ കിഷോര്‍ ഒളിവിലാണെന്ന് എസ്.ഐ. നജീബ് പറഞ്ഞു.

 

 




MathrubhumiMatrimonial