Crime News

മറിയക്കുട്ടി വധം: ഇനിയും തുമ്പായില്ല; പുതിയ കര്‍മസമിതിയായി

Posted on: 21 Mar 2015


ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി കൊല്ലപ്പെട്ട കേസില്‍ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പുതിയ കര്‍മസമിതി രൂപവത്കരിച്ചു. പ്രാദേശികമായുണ്ടായിരുന്ന കര്‍സമിതി പിരിച്ചുവിട്ടാണ് പുതിയ കര്‍മസമിതി രൂപവത്കരിച്ചത്. പ്രതികളെ പിടികൂടുന്നതുവരെ ശക്തമായ പ്രക്ഷോഭംനടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ്, ബി.ജെ.പി., മുസ്ലിം ലീഗ്, സി.പി.ഐ. തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സി.പി.എം. യോഗത്തില്‍നിന്ന് വിട്ടുനിന്നു.

2012 മാര്‍ച്ച് നാലിന് രാത്രിയാണ് തനിച്ചുതാമസിച്ചിരുന്ന മറിയക്കുട്ടി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍ മാറിമാറി അന്വേഷിച്ചിട്ടും പ്രതികളെ കുടുക്കാന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. പ്രക്ഷോഭം ശക്തമാകുന്നതിന്റെ ഭാഗമായാണ് പുതിയ കര്‍മസമിതി രൂപവത്കരിച്ചത്.
യോഗം പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.ദമയന്തിനി അധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ബേബി തളത്തില്‍, ടി.കെ.കുര്യന്‍, വത്സല മോഹനന്‍, ജനപ്രതിനിധികളായ ജമീല കോളയത്ത്, മോളി കുര്യന്‍, ഉഷാ മുരളി, വിജേഷ് പള്ളിക്കര വിവിധ സംഘടനാപ്രതിനിധികളായ പി.ആര്‍.വിജയന്‍, സി.കരുണാകരന്‍, ജോയി ജോസഫ്, രാജു ചുണ്ട, പി.മുഹമ്മദ് കുഞ്ഞി, പി.എസ്.സുരേന്ദ്രന്‍, മറിയാമ്മ വര്‍ഗീസ്, എന്‍.വി.സുരേഷ്, കെ.നിയാസ്, കെ.എസ്.ജോസഫ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസിനെയും കണ്‍വീനറായി കെ.എസ്.ജോസഫിനെയും തിരഞ്ഞെടുത്തു.

 

 




MathrubhumiMatrimonial