Crime News

മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

Posted on: 21 Mar 2015


കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ഇടുക്കിയില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പെരുമ്പാവൂരില്‍ നിന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന്് കോടി രൂപ വിലമതിക്കുന്നതാണിത്. കുമളി ചാരുവിള പുത്തന്‍വീട്ടില്‍ ജോയ് മാത്യു (37), സൂര്യനെല്ലി പേഴത്തുവയലില്‍ പി. കെ. സതീഷ്‌കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്ക്് ഹാഷിഷ് ഓയില്‍ കൈമാറിയ സൂര്യനെല്ലിയിലെ ടിംബര്‍ ഉടമ പ്രിന്‍സിനേയും ഇവരില്‍ നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങാന്‍ എത്തിയവരേയും കസ്റ്റംസ് തിരയുകയാണ്.

പ്രിന്‍സാണ് ജോയ് മാത്യുവിനും സുനില്‍കുമാറിനും പെരുമ്പാവൂരില്‍ വെച്ച് ഹാഷിഷ് ഓയില്‍ കൈമാറിയത്. ഓരോ കിലോ വീതമുള്ള മൂന്ന് പ്ലാസ്റ്റിക് കവറുകളില്‍ തോള്‍ബാഗിലാണ് 3100 ഗ്രാം ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂര്‍ ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഇവരെ സമീപിക്കുന്ന ആള്‍ക്ക്് ബാഗ് കൈമാറിയ ശേഷം അയാള്‍ നല്‍കുന്ന 21 ലക്ഷം രൂപ വാങ്ങി പ്രിന്‍സിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

10,000 രൂപയാണ് ഇരുവര്‍ക്കും കൂടി കമ്മീഷനായി വാഗ്ദാനം ചെയ്തിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൂപ്രണ്ടുമാരായ സെയ്തു മുഹമ്മദ്, ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെ പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ റിറ്റ്‌സ് ഹോട്ടലിനു മുന്നില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് വാറ്റിയെടുക്കുന്നതാണ് ദ്രവരൂപത്തിലുള്ള ഹാഷിഷ് ഓയില്‍. സിഗരറ്റ് ഹാഷിഷ് ഓയിലില്‍ മുക്കിയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇവിടെ കിലോ ഗ്രാമിന് ശരാശരി 5 ലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിലിന് വിദേശത്ത് ഒരു കോടി രൂപയാണ് വില. പ്രാദേശിക വിപണിയില്‍ ഇത്രയധികം ഹാഷിഷ് ഓയില്‍ വിറ്റഴിക്കാനുള്ള സാധ്യതയില്ല. ഇത് വിദേശത്തേക്ക് കടത്താനുള്ളതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഹാഷിഷ് ഓയില്‍ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പെരുമ്പാവൂരില്‍ വെച്ച് ഇത് കൈമാറുന്നതിന് കച്ചവടമുറപ്പിച്ചതെന്നാണ് സൂചന.

പ്രിന്‍സിനെ പിടിച്ചാലേ മയക്കുമരുന്ന് കടത്തിന് പിന്നിലുള്ള ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താന്‍ കഴിയൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സെയ്തു മുഹമ്മദ് പറഞ്ഞു. രാത്രി എട്ടോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial