Crime News

വിസ തട്ടിപ്പ്: മലയാളികളെ കബളിപ്പിച്ചതായി പരാതി

Posted on: 19 Mar 2015


നവി മുംബൈ: സിംഗപ്പൂരിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെ മറ്റൊരു മലയാളി കബളിപ്പിച്ചതായി പരാതി. കൊല്ലം പനയം സ്വദേശി അരുണ്‍ സുദേശ്, തിരുവല്ലക്കാരന്‍ ഷിനു ജോസഫ്, കൊല്ലം കുണ്ടറ സ്വദേശി സൂരജ് ബാബു, കൊല്ലം ഇരവിപുരത്തുനിന്നുള്ള അനു ക്രിസ്റ്റഫര്‍, കൊല്ലം ഇലമ്പള്ളൂര്‍ക്കാരന്‍ ഷാനവാസ് എസ്.ജെ. എന്നിവരാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതിനല്‍കിയിട്ടുള്ളത്. തൃശ്ശൂര്‍ മാള സ്വദേശി എം.എസ്. സുരേഷ് എന്ന വ്യക്തി ഓരോരുത്തരില്‍നിന്നും സിംഗപ്പൂര്‍ വിസയ്ക്കായി രണ്ട് ലക്ഷത്തിലധികം രൂപ വീതം വാങ്ങി കബളിപ്പിച്ചു എന്നാണ് പരാതി.

കബളിപ്പിക്കപ്പെട്ട അരുണ്‍ സുദേശ് പറയുന്നതിപ്രകാരമാണ്: സിംഗപ്പൂരില്‍ ഓഫീസ് അസിസ്റ്റന്റായി ജോലിനോക്കാന്‍ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് സുരേഷിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണമയയ്ക്കുന്നത്. നവംബര്‍ 18-ന് വിമാനടിക്കറ്റും വിസയുടെ പകര്‍പ്പും അയച്ചുതന്നിരുന്നു. നവംബര്‍ 28-ന് ചെന്നൈയില്‍ നിന്നാണ് വിമാനമെന്നും അറിയിച്ചു. നവംബര്‍ 26-ന് യാത്ര റദ്ദാക്കാന്‍ സുരേഷ് വിളിച്ചുപറയുകയായിരുന്നു.

കൂടെയുള്ളവരുടെ അസൗകര്യത്തെത്തുടര്‍ന്നാണ് യാത്ര തത്കാലം റദ്ദാക്കിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയില്‍ ഹോങ്കോങ്ങില്‍നിന്നും ഒരു സത്താര്‍ വിളിച്ച് ടെലിഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്യുകയുമുണ്ടായി. എന്നാല്‍, യാത്ര റദ്ദാക്കണമെന്നു പറഞ്ഞ സുരേഷിനെ പിന്നീട് ഇതുവരെ ഫോണില്‍ ലഭിച്ചിട്ടില്ല. ടിക്കറ്റും വിസയും പരിശോധിച്ചപ്പോഴാണ് ഇത് തട്ടിപ്പായിരുന്നെന്ന് മനസ്സിലായത്. ന്യൂപനവേലില്‍ വിശ്വമഹിമ സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ ഫ്ലൂറ്റിലാണ് ഇപ്പോള്‍ തങ്ങള്‍ താമസിക്കുന്നത്. ഇയാളുടെ ഭാര്യ പറഞ്ഞു പണം തരുമെന്ന്. എന്നാല്‍, രണ്ടരമാസമായി ഒന്നും നടന്നില്ല. ഇതോടെ ഞങ്ങള്‍ കാന്ദേശ്വര്‍ പോലീസ് സ്റ്റേഷനിലും കേരളത്തില്‍ അഞ്ചാലുംമൂട്, ഇളമ്പള്ളൂര്‍, പുളിക്കി പോലീസ് സ്റ്റേഷനുകളിലും പരാതിനല്‍കിയിട്ടുണ്ട്. സത്താറിനെതിരെ കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലും പരാതിനല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial