Crime News

മൈലപ്രയില്‍ വീണ്ടും സമൂഹവിരുദ്ധ അഴിഞ്ഞാട്ടം; പോലീസിനും പിടികിട്ടാതെ നശീകരണശക്തികള്‍

Posted on: 19 Mar 2015


പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന് മൂക്കിനു താഴെയാണ് മൈലപ്ര ടൗണ്‍. പക്ഷേ, ഇവിടം മാസങ്ങളായി അരക്ഷിതമായി തുടരുന്നു. ചൊവ്വാഴ്ച രാത്രി വീണ്ടും ഇവിടെ സമൂഹവിരുദ്ധര്‍ അഴിഞ്ഞാടി. ടൗണിലും പരിസരത്തും വ്യാപക നാശമാണ് വരുത്തിയിരിക്കുന്നത്.
ഒടുവില്‍ നടന്നത്.

മൈലപ്ര ജങ്ഷനില്‍ എസ്.എച്ച്. ഹൈസ്‌കൂളിന്റെ ബോര്‍ഡുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങള്‍, മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബോര്‍ഡുകള്‍ എന്നിവയാണ് നശിപ്പിച്ചത്. തിരുഹൃദയ കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിലുള്ള ആശ്രമത്തിന്റെ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. നാശപ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

കല്ലറ തകര്‍ത്തവര്‍.

ഒരു മാസം മുമ്പാണ് കുമ്പഴ വടക്ക് മാര്‍ത്തോമ്മ പള്ളിയുടെ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തത്. തുടര്‍ച്ചയായി മൂന്ന് ദിവസം ആക്രമണം നടത്തി. പത്തനംതിട്ട എസ്.പി. അടക്കം കാര്യങ്ങള്‍ വിലയിരുത്തിയതിന്റെ പിറ്റേന്നും കല്ലറയില്‍ ആക്രമണം നടന്നത് ഞെട്ടലുണ്ടാക്കി. ഇത് ആവര്‍ത്തിച്ചു. പോലീസ് ചിലരെ ചോദ്യംചെയ്യുകയും നിരീക്ഷണത്തില്‍വെക്കുകയും ചെയ്തു. ഫലമൊന്നും ഉണ്ടായില്ല. ന്യൂനപക്ഷ കമ്മീഷനും സ്ഥലത്ത് സന്ദര്‍ശനം നടത്തി. പോലീസിന് വീഴ്ച ഉണ്ടായെന്നാണ് അവരും പറഞ്ഞത്. മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയുടെ ഭാഗമാണ് ഇവിടം. അദ്ദേഹം അവിടം സന്ദര്‍ശിച്ചിരുന്നു. എന്നിട്ടും കാര്യങ്ങള്‍ എവിടെയും എത്തിയില്ല.

മുമ്പ് നടന്നവ
മേക്കൊഴൂര്‍ ഗുരുദേവപ്രതിമ ആക്രമിച്ചത് സമീപകാലത്താണ്. മൈലപ്രയില്‍ കുരിശടിയും തകര്‍ത്തു. മൈലപ്ര എസ്.എച്ച്. സ്‌കൂളിലെ ബസ്സുകള്‍ തകര്‍ത്ത സംഭവത്തിലും പ്രതികളെ പിടിച്ചിട്ടില്ല. ഇതില്‍ പ്രതികള്‍ ആരെന്ന് വ്യക്തമായിരുന്നു. കുമ്പഴ വടക്ക് എസ്.എന്‍.വി. യു.പി.സ്‌കൂളിലെ കിണറ്റില്‍ മാലിന്യം വാരിയിട്ട ആളുകളെ കണ്ടെത്തിയിട്ടില്ല.
യു.ഡി.എഫ്. ആവശ്യം

മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കം മൈലപ്രയില്‍ നടക്കുന്നതായി യു.ഡി.എഫ്. ആരോപിച്ചു. 19ന് വൈകീട്ട് 4ന് മൈലപ്രയില്‍ പ്രതിഷേധ യോഗം നടത്തും. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഏബ്രഹാം മത്തായി അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, മാത്യു തോമസ്, സലിം പി.ചാക്കോ, ശോശാമ്മ ജോണ്‍സണ്‍, ജെസി വര്‍ഗ്ഗീസ്, ജെസി ഏബ്രാഹം, ബേബി മൈലപ്ര, പ്രസന്ന മോഹനന്‍, കെ.വി.കൃഷ്ണന്‍, മനോജ് വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സി.ഐ.ടി.യു. ആവശ്യം

മൈലപ്ര ടൗണിലെ സി.ഐ.ടി.യു.വിന്റെ കൊടിമരവും കൊടിയും നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി.ഐ.ടി.യു. മൈലപ്ര യൂണിറ്റ് ആവശ്യപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിയും നല്‍കി. സി.പി.എമ്മിന്റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. മൈലപ്രയില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial