Crime News

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍

Posted on: 19 Mar 2015


ചെങ്ങന്നൂര്‍: ഉത്സവം കണ്ടുമടങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി. മുളക്കുഴ പെരിങ്ങാല പവിത്രം സദനത്തില്‍ അനു മനോഹര(23)നെയാണ് സി.ഐ. ആര്‍. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
മുളക്കുഴ വലിയപറമ്പില്‍ വീട്ടില്‍ അരുണി(19) നെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് മൂന്നിന് അര്‍ദ്ധരാത്രി മുളക്കുഴ ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
അച്ഛന്‍ സുരേന്ദ്രന്‍, അനിയന്‍ അഖില്‍ എന്നിവര്‍ക്കൊപ്പം ഉത്സവം കണ്ടുമടങ്ങുമ്പോള്‍ അനുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം അരുണിനെ ആക്രമിക്കുകയായിരുന്നു. അച്ഛനും അനിയനും തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി അക്രമികള്‍ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണ്‍ സംസാരശേഷി നഷ്ടപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം പ്രതികള്‍ ഒളിവിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പെരിങ്ങാലയില്‍നിന്ന് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വ്യക്തിവൈരമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മൂന്നുപേരെയും പോലീസ് തിരയുന്നുണ്ട്.

 

 




MathrubhumiMatrimonial