Crime News

സാക്ഷികളെ ഹാജരാക്കിയില്ല; പെരുമ്പാവൂര്‍ എസ്‌.െഎ. നേരിട്ടെത്തി വിശദീകരിക്കണം

Posted on: 19 Mar 2015


കൊച്ചി: അസം സ്വദേശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാക്ഷികളെ വിസ്താരത്തിന് ഹാജരാക്കാത്ത അന്വേഷണ സംഘത്തിന് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ എസ്.ഐ. വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ എറണാകുളം ജില്ലാ അഡീ. സെഷന്‍സ് ജഡ്ജി കെ.എം. ബാലചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

പെരുമ്പാവൂര്‍ മുടിക്കലിലെ പ്ലൈവുഡ് കമ്പനി തൊഴിലാളി അസം സ്വദേശി കോമള്‍ ബറുവ (28) കൊല്ലപ്പെട്ട കേസിലാണ് സാക്ഷികളെത്താത്തതിനാല്‍ വിസ്താരം തുടങ്ങാന്‍ കഴിയാത്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. സംഭവത്തിനു ശേഷം അസം സ്വദേശികളായ സാക്ഷികള്‍ സ്വദേശത്തേക്ക് മടങ്ങി. ഇവരുടെ ശരിയായ പേരുവിവരങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. ബറുവയുടെ കൂടെ തൊഴിലെടുത്തിരുന്ന ജയന്തോ, പപ്പു അലി എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ഒരു മാസം മുമ്പ് കോടതിയില്‍ നിന്ന് സാക്ഷികളെ ഹാജരാക്കാന്‍ സമന്‍സ് അയച്ചിരുന്നു. അത് കൈപ്പറ്റിയിട്ടും സാക്ഷികളെ അറിയിക്കാതിരുന്നത് പോലീസിന് സംഭവിച്ച വീഴ്ചയായി അന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന ആറ് സാക്ഷികള്‍ അസംകാരാണ്. പെരുമ്പാവൂരിലെ കമ്പനിയുടമയ്ക്കും ഇവരുടെ പേരുവിവരങ്ങള്‍ അറിയില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര ഹാജരായി.

 

 




MathrubhumiMatrimonial