
പൂവ്വത്തൂരില്‍ സി.പി.എം. നേതാവിന്റെ വീടിനുനേരെ ആക്രമണം
Posted on: 19 Mar 2015
പാവറട്ടി: പൂവ്വത്തൂരില്‍ സി.പി.എം. നേതാവിന്റെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ ജനല്‍വാതിലും ചില്ലുകളും തകര്‍ന്നു. സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മണലൂര്‍ ബ്ലോക്ക് ട്രഷററുമായ വലിയകത്ത് ആഷിക്കിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ആഷിക്കിന്റെ വീടിനു എതിര്‍വശത്തുള്ള അങ്കണവാടിയുടെ മതിലിനു പുറകില്‍ നിന്നാണ് അക്രമിസംഘം വീടിനു നേരെ കല്ലെറിഞ്ഞത്. ബഹളംകേട്ട് ആഷിക് നോക്കിയപ്പോള്‍ മൂന്നുപേര്‍ ഓടിപ്പോകുന്നതായി കണ്ടുവത്രേ. പൂവ്വത്തൂര്‍ അമ്പാട്ട് റോഡില്‍ മുള്ളന്തര മസ്ജിദുന്നൂര്‍ മുസ്ലീം പള്ളിക്കു പുറകിലാണ് ആഷിക്കിന്റെ വീട്. ചൊവ്വാഴ്ച രാത്രി ആഷിക് പൂവ്വത്തൂരിലെ സി.പി.എം. ജനകീയ പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞ് വരുന്നതിനിടെ മുസ്ലിം പള്ളിക്ക് സമീപത്ത് സംശയാസ്പദമായൊരാള്‍ ബൈക്കില്‍ കറങ്ങുന്നതായി കണ്ടിരുന്നു. തുടര്‍ന്ന് ആഷിക് പാവറട്ടി പോലീസില്‍ വിവരമറിയിച്ചിരുന്നു. അതിനുശേഷമാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി ഗ്രേഡ് എസ്‌ഐ എന്‍.എസ്. ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
