Crime News

കല്ലാറില്‍ യുവാവിന്റെ ആക്രമണം; രണ്ടുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

Posted on: 17 Mar 2015


അടിമാലി: കല്ലാറില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കല്ലാര്‍വട്ടയാര്‍ ഉണ്ണിക്കുഴി പുളിത്തോട്ടത്തില്‍ സി.മുരുകന്‍ (41), ഇയാളുടെ സഹോദരീഭര്‍ത്താവ് പുളിത്തോട്ടത്തില്‍ പരമശിവം (58) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈക്കും കാലിനും വെട്ടേറ്റ പരമശിവത്തെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ വെട്ടേറ്റ മുരുകന്‍ അടിമാലി താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ആദ്യം വെട്ടേറ്റത് മുരുകനാണ്. പരിചയക്കാരനായ സാന്‍ജോയാണ് ഇവരെ വെട്ടിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മുരുകന്റെ ൈകയിലിരുന്ന പ്ലാസ്റ്റിക് കൂട് സാന്‍ജോ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു പറയുന്നു.
തര്‍ക്കത്തിനിടെ സാന്‍ജോ കൈയിലിരുന്ന വാക്കത്തി ഉപയോഗിച്ച് മുരുകന്റെ തലയില്‍ വെട്ടുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുരുകനെ അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടെ സംഭവം പോലീസില്‍ അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏതാനും സമയത്തിനുശേഷം മുരുകന്റെ സഹോദരീഭര്‍ത്താവ് പരമശിവത്തെയും ഇയാള്‍ വീട്ടില്‍ എത്തി വെട്ടുകയായിരുന്നുവെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരമശിവത്തിന്റെ കഴുത്തിേനറ്റ വെട്ട് ഗുരുതരമാണ്. കൈവിരലുകളില്‍ ഒന്ന് മുറിഞ്ഞിട്ടുണ്ട്.

കാലിന്റെ ഒരുഭാഗം ചീന്തിപ്പോയ നിലയിലായിരുന്നു. വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ.എല്‍ദോസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കേസില്‍ പ്രതിയായ സാന്‍ജോ ഒളിവിലാണെന്നും മുമ്പ് നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial