goodnews head

മകന്റെ ബൈക്കിടിച്ച് വീണ അനാഥ വൃദ്ധന് തണലായി ഒരു കുടുംബം

Posted on: 16 Mar 2015


ഇല്ല, കരുണയുടെ ഉറവ വറ്റിയിട്ടില്ല

മുളങ്കുന്നത്തുകാവ് (തൃശ്ശൂര്‍): എണ്‍പത് വയസ്സുള്ള മണി അയ്യര്‍ ആരാണെന്ന് ഒറ്റപ്പാലം ചുനങ്ങാട്ടെ ശങ്കരനാരായണന് അറിയില്ല. ഇവര്‍ തമ്മില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. എന്നിട്ടും, മകന്റെ ബൈക്കിടിച്ച് വീണ അദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിക്കാന്‍ ശങ്കരനാരായണനും കുടുംബത്തിനും മനസ്സ് വന്നില്ല. പാലക്കാട് സ്വദേശികളായ ആ കുടുംബം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ബന്ധുക്കളാരുമില്ലാത്ത മണി അയ്യരെ ശുശ്രൂഷിക്കാന്‍ തുടങ്ങിയിട്ട് 12 ദിവസമായി.

കടമ്പഴിപ്പുറം വായിലാംകുന്ന്കാവിലെ പൂരം കാണാന്‍ ഒറ്റപ്പാലം ചുനങ്ങാട് വരോടിലുള്ള തണ്ണീരംകാട്ടില്‍ വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ നിഷാന്തും (23) സുഹൃത്തുക്കളും പോകുമ്പോഴായിരുന്നു അപകടം. പൂരം കഴിഞ്ഞ് തിരിച്ചുവരുന്ന മണി അയ്യര്‍ വഴി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് തട്ടി വീണു. പരിക്കേറ്റ മണി അയ്യരെ കടമ്പഴിപ്പുറത്തെ ആസ്പത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കും മറ്റുമായി രണ്ട് ലക്ഷം രൂപയാണ് ആസ്പത്രിക്കാര്‍ ആവശ്യപ്പെട്ടത്. നിസ്സഹായതയോടെ എല്ലാം കൈവിട്ടുപോകുമെന്നായപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു.

മാര്‍ച്ച് ആറിനാണ് ഇവിടെ എത്തിയത്. അസ്ഥിരോഗ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.വിനേഷ് സേനന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി. രണ്ട് ദിവസം കഴിഞ്ഞതോടെ വാര്‍ഡിലേക്ക് മാറ്റി. അപകടം നടന്ന് 12 ദിവസം കഴിഞ്ഞപ്പോഴും മണി അയ്യരെ പരിചരിക്കുന്നതും താങ്ങും തണലുമാകുന്നതും ശങ്കരനാരായണനും ഭാര്യ നിര്‍മ്മല, മക്കളായ നിഷാന്ത്, നിഷ എന്നിവരുമാണ്.

തൃശ്ശൂര്‍ വെളപ്പായ അമ്പലത്തിന് സമീപത്തേക്കാണ് ശങ്കരനാരായണന്റെ മകള്‍ നിഷയെ വിവാഹം കഴിച്ചിരിക്കുന്നത്. ഒറ്റപ്പാലത്തെ വീട് അടച്ചിട്ട് വെളപ്പായയില്‍ താമസിച്ചാണ് മണി അയ്യരെ പരിചരിക്കാന്‍ ഈ കുടുംബാംഗങ്ങള്‍ എത്തുന്നത്. ഐ.ടി.ഐ. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ് തൃശ്ശൂരില്‍ സ്വകാര്യസ്ഥാപനത്തില്‍ പ്ലാന്‍ വരയ്ക്കുന്നതിനും മറ്റുമായുള്ള കോഴ്‌സിന് പഠിക്കുകയാണ് നിഷാന്ത്. ഈ ദിവസങ്ങളിലൊന്നും ക്ലാസില്‍ പോലും പോകാതെയാണ് നിഷാന്ത് മണി അയ്യരെ പരിചരിക്കാന്‍ നില്‍ക്കുന്നത്. വെല്‍ഡിങ് പണിക്കാരനായ ശങ്കരനാരായണനും ജോലിക്ക് പോകാതെയാണ് ആസ്പത്രിയില്‍ നില്‍ക്കുന്നത്.

അപകടത്തില്‍പ്പെട്ടത് ബന്ധുക്കളൊന്നും ഇല്ലാത്തവരാണെങ്കില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് മടങ്ങുന്നവരെയാണ് സാധാരണ കാണാറുള്ളതെന്ന് ഡോക്ടര്‍മാരും ആസ്പത്രി ജീവനക്കാരും പറയുന്നു. മൂന്ന് മാസമാണ് മണി അയ്യര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആസ്പത്രി വിടാനാകും. മണി അയ്യരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ജോലി ഉപേക്ഷിച്ച് കൂടുതല്‍ ദിവസം പരിചരിക്കാന്‍ ഈ കുടുംബത്തിനും കഴിയില്ല. സര്‍ക്കാരിന്റെ കീഴിലുള്ള വൃദ്ധസദനത്തിലേക്കോ, സന്നദ്ധസംഘടനകളുടെ ആശ്രമങ്ങളിലേക്കോ മാറ്റാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.


 

 




MathrubhumiMatrimonial