goodnews head

ഗ്രാമങ്ങള്‍ക്ക് നവജീവന്‍ നല്‍കിയ സിസ്റ്റര്‍ക്ക് ആദരം

Posted on: 15 Mar 2015



കോയമ്പത്തൂര്‍: അവഗണിക്കപ്പെട്ടുകിടന്ന കാരമടയിലെ ഗ്രാമങ്ങള്‍ക്ക് നവജീവന്‍ നല്‍കിയ സിസ്റ്റര്‍ അനിലമാത്യുവിനെ ആദരിച്ച് റോട്ടറിക്ലബ്ബ് ഓഫ് ടെക്‌സ് സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിനാഘോഷം.

പിന്നാക്കാവസ്ഥയില്‍ക്കിടന്ന 80 ഗ്രാമങ്ങളില്‍ക്കഴിയുന്നവര്‍ക്ക് ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഗുഡ് ഷെപ്പേഡ് ഹെല്‍ത്ത് എജ്യുക്കേഷന്‍ സെന്ററിലെ സിസ്റ്റര്‍ അനിലമാത്യുവിനാണ് വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വേണുഗോപാല്‍മേനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ദത്തെടുത്ത ഗ്രാമങ്ങളില്‍ 650 വീട് നിര്‍മിച്ചു. പൊളിഞ്ഞുകിടന്ന 261 വീട് നന്നാക്കി. 653 ശൗചാലയം പണിതു. പൊട്ടിപ്പൊളിഞ്ഞ പൊതുകെട്ടിടങ്ങള്‍ നവീകരിച്ചു. 1505 സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ചു. 19,565 വനിതകളെ അംഗങ്ങളാക്കി. ഈ സേവനങ്ങള്‍ക്കെല്ലാം നേതൃത്വം സിസ്റ്റര്‍ അനിലമാത്യുവായിരുന്നു.

കുട്ടികള്‍ക്കെതിരെ സമൂഹത്തില്‍ നടക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരെ തയ്യാറാക്കിയ സംഗീത ആല്‍ബം 'പുതും വന്‍ മുറൈ' ചടങ്ങില്‍ മുഖ്യാതിഥി ഷാര്‍പ്പ് ഇലക്ട്രോഡ് മാനേജിങ് ഡയറക്ടര്‍ ജെ. മോഹസുന്ദരി, ആദ്യ സി.ഡി. സിസ്റ്റര്‍ അനിലമാത്യുവിന് നല്‍കി പുറത്തിറക്കി. കലൈമഗന്‍സിലെ കലാകാരന്മാരായ വിനോദം അരിവരശുമാണ് സി.ഡി.യിലെ പിന്നണിഗായകന്‍.

അവിനാശിലിംഗം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എജ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍ ഡോ. ഷീലാ രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് അസി. ഗവര്‍ണര്‍ ബഷീര്‍ അഹമ്മദ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.എസ്. മാരുതി, പ്രോജക്ട് ഡയറക്ടര്‍ കെ. സെന്തില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 




MathrubhumiMatrimonial