Crime News

പെണ്‍കുട്ടിയെ പീഡിപ്പിച്ച് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍

Posted on: 14 Mar 2015


രംഗങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന്്് ഭീഷണി

കൊല്ലം: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചിത്രീകരിച്ച രംഗങ്ങള്‍ ബന്ധുവിന്റെ വീട്ടിലെത്തി കാണിച്ചശേഷം രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നേരത്തെ കൊല്ലം ഉപാസന നഗറില്‍ താമസിച്ചിരുന്ന കേരളപുരം സ്വദേശി മുഹമ്മദ് ശ്യാം (31) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്യാം നിത്യ സന്ദര്‍ശകനായിരുന്നു. ഇതുവഴി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ലൈംഗികപീഡനം. ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ച ഇയാള്‍ വിവരം പുറത്തുപറഞ്ഞാല്‍ ഇന്‍ര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ടുമാസം മുമ്പാണ് ബന്ധുവിന്റെ വീട്ടില്‍ എത്തി രംഗങ്ങള്‍ കാണിച്ചശേഷം രണ്ടര ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കണമെന്നാവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുമായി സംസാരിച്ചപ്പോഴും പണമോ ഭൂമിയോ നല്‍കണം എന്നായിരുന്നു ആവശ്യം. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസിന്റെ നിര്‍ദ്ദേശാനുസരണം, പണം നല്‍കാമെന്നുപറഞ്ഞ് മൊബൈല്‍ ഫോണുമായി യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി. പോലീസ് നിരീക്ഷണത്തിലായിരുന്ന വീട്ടില്‍ എത്തിയ പ്രതിയെ വീടുവളഞ്ഞ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ വീട്ടില്‍നിന്ന് ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഈസ്റ്റ് സി.ഐ. എസ്.ഷെരീഫ് അറിയിച്ചു. എസ്.ഐ. യു.പി.വിപിന്‍കുമാര്‍, ആര്‍.കുമാര്‍, ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ലാല്‍, സീനിയര്‍ സി.പി.ഒ. മാരായ രാജ് മോഹന്‍, ജോസ് പ്രകാശ്, അനന്‍ബാബു, സി.പി.ഒ. മാരായ ഹരിലാല്‍, സജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial