Crime News

നിസാം കേസിന്റെ നാള്‍വഴിയിലൂടെ

Posted on: 11 Mar 2015


തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് ആക്രമിക്കപ്പെട്ട് എഴുപത് ദിവസം പിന്നിടുമ്പോഴാണ് കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെ മുന്നേറിയ കേസിലെ സുപ്രധാന നേട്ടമാണിത്. എന്നാല്‍ ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ലെന്നത് അന്വേഷണസംഘത്തിന് പറ്റിയ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. കേസന്വേഷണത്തിലെ നേട്ടങ്ങളും വീഴ്ചകളും:

അന്വേഷണ പുരോഗതി


സംഭവസ്ഥലത്തുവെച്ചുതന്നെ നിഷാമിനെ പിടികൂടാന്‍ പോലീസിനു സാധിച്ചു.
ചവിട്ടാനുപയോഗിച്ച ഷൂ, ഇടിക്കാനുപയോഗിച്ച ആഡംബര കാര്‍ എന്നിവ കസ്റ്റഡിയില്‍ എടുത്തു.
ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെയുള്ള ഒമ്പതു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
നിഷാമിനെതിരായ പഴയകേസുകള്‍ ഒത്തുതീര്‍ത്തതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി.
ചന്ദ്രബോസിന്റെ വീട്ടുകാര്‍ നിര്‍ദ്ദേശിക്കുന്ന വക്കീലിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ബെംഗളൂരുവിലെ വാഹനമിടിച്ച കേസില്‍ നിഷാമിനെ തിരിച്ചറിയാന്‍ സാധിച്ചു
ചികിത്സാസഹായവും ധനസഹായവും ചന്ദ്രബോസിന്റെ കുടുംബത്തിനു ലഭിച്ചു.
ചന്ദ്രബോസിന്റെ ഭാര്യക്കു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിനല്‍കാന്‍ തീരുമാനമായി.
ആരോപണ വിധേയനായ സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റി
നിഷാമിനെതിരെ കാപ്പ ചുമത്തി


കേസിലുണ്ടായ തിരിച്ചടികള്‍


പോലീസാണ് ആസ്പത്രിയില്‍ എത്തിച്ചതെങ്കിലും ആക്രമണ സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ല
19 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും ചന്ദ്രബോസിന്റെ മൊഴിയെടുക്കാനായില്ല
ചന്ദ്രബോസിന്റെ മുറിവുകള്‍ സംബന്ധിച്ച് പോലീസ് സര്‍ജ്ജന്‍ പരിശോധന നടത്തിയില്ല
നിഷാമിനെ തെളിവെടുപ്പിന് ബെംഗളൂരുവില്‍ കൊണ്ടുപോയിട്ടും കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല.
ബെംഗളൂരുവിലെ തെളിവെടുപ്പുസമയത്തെ ചിത്രങ്ങള്‍ അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കി.
നിഷാമിന്റെ വരുമാന സ്രോതസ്സു സംബന്ധിച്ച അന്വേഷണം ഇപ്പോഴും നടക്കുന്നില്ല.
പാടം നികത്തിയെന്നതിന് തെളിവുകള്‍ ഉണ്ടായിട്ടും നടപടിയില്ല.

ജയിലില്‍ നിഷാമിനു കൂടുതല്‍ സൗകര്യങ്ങള്‍
അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ വന്നു.
ഡി.ജി.പി. ക്കെതിരെ വരെ ആരോപണം വന്നു.
സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.
ഫിബ്രവരി 15നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അവസാന പണികളിലാണ് പോലീസ്. പാളിച്ചകള്‍ ഏറെയുണ്ടെങ്കിലും സാക്ഷിമൊഴികളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അനുബന്ധ തെളിവുകളും എല്ലാം ശക്തമാണ്. അതുകൊണ്ടുതന്നെ കേസില്‍ ക്ഷീണം സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.

 

 




MathrubhumiMatrimonial