Crime News

കാപ്പ ചുമത്തപ്പെടുന്ന ആദ്യ വ്യവസായി; ജില്ലയില്‍ അറുപത്തിയേഴാമന്‍

Posted on: 10 Mar 2015


തൃശൂര്‍: ജില്ലയില്‍ കാപ്പചുമത്തുന്ന അറുപത്തിയേഴാമത്തെ ആളാണു നിഷാ. അതേസമയം ആദ്യത്തെ വ്യവസായിയും.കേരളത്തില്‍ തന്നെ ഇതിനു മുമ്പ് വ്യവസായികള്‍ക്കെതിരെയോ എന്തെങ്കിലും മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്കെതിരെയോ കാപ്പ ചുമത്തിയിട്ടില്ലെന്നാണ് അറിവ്. ജില്ലയില്‍ 66 പേര്‍ക്കെതിരെയാണ് നേരത്തെ കാപ്പ ചുമത്തിയിട്ടുള്ളത്. സിറ്റിജില്ല പരിധിയില്‍ കാപ്പ ചുമത്തിയ 22 പേരില്‍ 5 പേരെ നാടുകടത്തലിനും ശിക്ഷിച്ചു. റൂറലില്‍ 44 പേര്‍ക്കെതിരെ കാപ്പ ചുമത്തിയതില്‍ 8 പേരെ നാടുകടത്തലിനും ശിക്ഷിച്ചിട്ടുണ്ട്..
കാപ്പപ്രകാരം അമ്പതിലധികം പേര്‍ കരുതല്‍ തടങ്കലും അനുഭവിക്കുന്നു. സിറ്റി പരിധിയില്‍ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിനെയാണ് നിഷാമിനു മുമ്പ് കാപ്പ ചുമത്തിയത്. നാടുകടത്തല്‍ ശിക്ഷ ലംഘിച്ച് ഇയാള്‍ നാട്ടില്‍ പ്രവേശിച്ചതിന് ജയില്‍ ശിക്ഷയനുഭവിക്കുകയാണിപ്പോള്‍. പീച്ചിയില്‍ സിജീഷ്, ഷമീര്‍, സന്ദീപ് ഫസലു, നൗഷാദ് എന്നിവരെല്ലാം സമീപകാലങ്ങളില്‍ കാപ്പയുടെ കീഴില്‍ വന്നവരാണ്.

വിജയിച്ചത് രണ്ടു വര്‍ഷംമുമ്പുതുടങ്ങിയ ശ്രമം

തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് രണ്ടുവര്‍ഷം മുമ്പേ ആരംഭിച്ച ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കേസുകള്‍ പലതും ഒത്തുതീര്‍ത്ത് നേരത്തേ ഈ നീക്കം നിഷാം പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍,ബെംഗളൂരുവില്‍നിന്നുള്ള രണ്ട് പുതിയ കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതും ഒത്തുതീര്‍ന്ന കേസുകളും കാപ്പയ്ക്കു പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവുമാണ് ഇപ്പോള്‍ തുണയായത്.

കാപ്പ ചുമത്തുന്നതിനുള്ള ആദ്യപടിയായി 2013 എപ്രില്‍ 26നാണ് നിഷാമിന്റെ പേരില്‍ ഗുണ്ടാഹിസ്റ്ററി ഫയല്‍ പേരാമംഗലം സ്റ്റേഷനില്‍ ആരംഭിച്ചത്. തുടര്‍ന്ന് 2013 ജൂണില്‍ നല്ലനടപ്പിനായി ആര്‍.ഡി.ഒ. 107- ാം വകുപ്പുപ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇത് മണത്തറിഞ്ഞ നിഷാം, ഇത്തരം നടപടികള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതോടെ പോലീസിന് ഈ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ചന്ദ്രബോസ്സംഭവം നടന്നതിനുശേഷംപോലും നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള കേസുകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല ബെംഗളൂരുവിലെ രണ്ടു കേസുകള്‍ ശക്തമായി വന്നതോടെയാണ് ഇതിന് വഴി തുറന്നത്. ഇതില്‍ ഒന്ന് ബാഗ്ലൂരിലെ മോഡലിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമാണ്. മറ്റൊന്ന് വണ്ടിയിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസും. ഇവ രണ്ടും അന്വേഷണമൊന്നുമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. പേരാമംഗലം പോലീസ് ബെംഗളൂരുവില്‍ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പും അന്വേഷണവുമാണ് ഇതിലേക്ക് വഴി തുറന്നത്. ഇതിനുശേഷം വാഹനമിടിച്ച കേസില്‍ ബെംഗളൂരു പോലീസ് ഇവിടെ വന്ന് നിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് അവിടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

കാപ്പയെന്നാല്‍

സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ 2007ല്‍ രൂപം നല്‍കിയ നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമുണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ കളക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴ് വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചുവര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകള്‍. അതുമല്ലെങ്കില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടായിരിക്കണം.

ഗുണ്ടകള്‍, കള്ളനോട്ട് നിര്‍മ്മാതാക്കള്‍, മണല്‍മാഫിയ, കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. കാപ്പ ചുമത്തുന്നവരെ നാടുകടത്താം. ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരെയാണ് സാധാരണ ചുമത്തുന്നത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഇവര്‍ക്കെതിരെ ലോക്കല്‍ സ്റ്റേഷനുകളില്‍ ഗുണ്ടാ ഹിസ്റ്ററി ഫയല്‍ തുറക്കും. തുടര്‍ന്ന് ആര്‍.ഡി.ഒ. നല്ലനടപ്പിനായി സി.ആര്‍.പി.സി. നൂറ്റി ഏഴാം വകുപ്പു പ്രകാരം കേസ് എടുക്കും. എന്നിട്ടും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. സംസ്ഥാനത്ത് ഇതുവരെയായി കാപ്പ പ്രകാരം 470 പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial