Crime News

ചൗട്ടാലമാരുടെ 10 വര്‍ഷം തടവ് ഹൈക്കോടതി ശരിവെച്ചു

Posted on: 06 Mar 2015


ന്യൂഡല്‍ഹി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്ക്കും മകനും എം.എല്‍.എയുമായ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷം തടവ് വിധിച്ചത് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു.
പ്രത്യേക സി.ബി.ഐ. കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ചൗട്ടാലമാരുള്‍പ്പെടെ കേസിലെ 55 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.

ശാരീരിക അവശതകളുള്ളതിനാല്‍ തടവുശിക്ഷ റദ്ദാക്കമെന്ന് ഓംപ്രകാശ് ചൗട്ടാല ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, അഴിമതി നടന്ന കാലത്ത് സംസ്ഥാനമുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ ചൂണ്ടിക്കാട്ടി.

ചൗട്ടാലയുടെ രാഷ്ട്രീയ ഉപദേശകന്‍ ഷേര്‍ സിങ് ബാദ്ഷാമി, ഐ.എ.എസ്. ഉദ്യോഗസ്ഥനായ വിദ്യാധര്‍, ഹരിയാണയിലെ മുന്‍ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ എന്നിവരും പത്തു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കേസിലെ മറ്റു 50 പേരുടെ ശിക്ഷ രണ്ടു വര്‍ഷമായി കുറച്ചു. രണ്ടുവര്‍ഷം തടവുശിക്ഷ ഇതിനകം അനുഭവിച്ചവരെ വിട്ടയയ്ക്കാനും കോടതി ഉത്തരവിട്ടു.

2000-ല്‍ 3,206 ജൂനിയര്‍ അധ്യാപകരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 55 പേരെയാണ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയത്. 2013 ജനവരി 22-നാണ് പ്രത്യേക സി.ബി.ഐ. കോടതി ചൗട്ടാലയ്ക്കും മകനും മറ്റ് എട്ടു പേര്‍ക്കുമെതിരെ പത്തു വര്‍ഷം തടവ് വിധിച്ചത്.

ഇവരെ കൂടാതെ മറ്റൊരാള്‍ക്ക് അഞ്ചുവര്‍ഷവും മറ്റ് 44 പേര്‍ക്ക് നാലുവര്‍ഷവും തടവ് വിധിച്ചു. വഞ്ചന, കള്ളയൊപ്പിടല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

 

 




MathrubhumiMatrimonial