
നിഷാം കേസ്: ചേരിപ്പോര് രാഷ്ട്രീയത്തിലും പോലീസിലും
Posted on: 06 Mar 2015

നിഷാമിനെച്ചൊല്ലി ഭരണമുന്നണിയിലെ നേതാക്കള്‍തന്നെ രണ്ടുതട്ടിലാണിപ്പോള്‍. കുറ്റപത്രം സമര്‍പ്പിക്കല്‍, കാപ്പ ചുമത്തല്‍, തെളിവുകള്‍ ശേഖരിക്കല്‍, പ്രോസിക്യൂട്ടറെ കണ്ടെത്തല്‍ തുടങ്ങി മര്‍മ്മപ്രധാന ജോലികള്‍ അവശേഷിക്കുമ്പോഴാണ് കേസ് വിവാദത്തില്‍ മുങ്ങുന്നത്.
മാര്‍ച്ച് 15നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതു നീണ്ടുപോയാല്‍ നിഷാമിന് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സ്ഥിതിവരും. ജനവരി 29ന് നടന്ന സംഭവത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. പ്രതിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കങ്ങളും അവസാനഘട്ടത്തിലാണ്. പ്രോസിക്യൂട്ടറുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇനി കേസ് പരിഗണനയ്ക്കു വരുമ്പോള്‍ ഏതുവിധത്തിലും നിഷാമിന് ജാമ്യം നേടാനുള്ള ശ്രമങ്ങളും ശക്തമാകും. ചേരിപ്പോരും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയാകും ഇതിനു ശ്രമിക്കുക. ഈ പശ്ചാത്തലത്തിലാണ് ചേരിതിരിഞ്ഞുള്ള ആരോപണങ്ങള്‍ വര്‍ദ്ധിക്കുന്നത്.
നിഷാമുമായി രഹസ്യചര്‍ച്ച നടത്തിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബിനെതിരെ നടപടി വന്നിരുന്നു. ജേക്കബ് ജോബിനു നേരെ നടപടി വന്നശേഷം കേസുമായി ബന്ധപ്പെട്ട അന്വേഷണസംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി രേഖകള്‍ പുറത്തുവന്നു. ഇതിനുമുമ്പ് ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് ഐ-എ ഗ്രൂപ്പ് ചേരിതിരിവിലേക്കും നിഷാം കേസ് ഒരു ഘട്ടത്തില്‍ പോയിരുന്നു. എ ഗ്രൂപ്പില്‍പ്പെടുന്ന എം.എല്‍.എ.യും ഡി.സി.സി പ്രസിഡണ്ടും നിഷാമിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന ആരോപണം വന്ന ഘട്ടത്തിലായിരുന്നു ഇത്. നിഷാമിനെ രക്ഷിക്കാന്‍ ഏഴ് എം.എല്‍.എ. മാര്‍ ശ്രമം നടത്തുന്നുവെന്ന ആരോപണവും മുമ്പുണ്ടായിരുന്നു. മറ്റൊരു പ്രധാന ഘടകകക്ഷിയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന നിഷാമില്‍നിന്നുതന്നെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് രഹസ്യമായി സമ്മതിക്കുന്നു.
രാഷ്ട്രീയ ബന്ധങ്ങളാണ് ജേക്കബ് ജോബിനെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പദവിയിലെത്തിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് ജേക്കബ് ജോബിന് സിറ്റി പോലീസ് കമ്മീഷണര്‍ പദവി നല്‍കിയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പ്രധാന പോസ്റ്റുകള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം മറികടന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറാക്കിയതും ഈ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമാണെന്ന് ആരോപണമുണ്ട്.
കേസ് നടപടികള്‍ ശക്തമായി മുന്നോട്ടു പോകുന്നുവെന്നു വന്നപ്പോഴാണ് ഇത്തരം ശ്രമങ്ങള്‍ ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. ചന്ദ്രബോസിന്റെ വീട്ടില്‍ ആഭ്യന്തരമന്ത്രി എത്തിയപ്പോള്‍ ബന്ധുക്കള്‍ ഉന്നയിച്ച ഒരു ആവശ്യം ആര്‍. നിശാന്തിനിയെ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കരുത് എന്നതായിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ദിവസവും വന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍മൂലം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ത്തന്നെ സമ്മര്‍ദ്ദത്തിലാണ്. ഡി.ജി.പി.ക്കെതിരെക്കൂടി ആരോപണം വന്ന സ്ഥിതിക്ക് ഇത് കൂടുതല്‍ രൂക്ഷമാകും.
