goodnews head

മണ്ണു സംരക്ഷണസന്ദേശമുയര്‍ത്തി മണ്‍യാത്ര

Posted on: 05 Mar 2015


കല്പറ്റ: മണ്ണിന്റെ മനസ്സറിയാന്‍ മാതൃഭൂമി സീഡും കല്പറ്റ ബ്ലോക്ക് പഞ്ചായത്തും കൈകോര്‍ത്തു. ബുധനാഴ്ച നഗരത്തില്‍ നടത്തിയ മണ്ണു സംരക്ഷണ വിളംബര ജാഥയില്‍ വിദ്യാര്‍ഥികളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. മണ്ണിന്റെ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള ബോധവത്കരണമായിരുന്നു ജാഥയുടെ ലക്ഷ്യം. മണ്ണു വിറ്റ് പൊന്നു വാങ്ങരുത്, മണ്ണിന്റെ സംരക്ഷണം ജല സംരക്ഷണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജാഥയില്‍ ഉയര്‍ന്നു.

പിണങ്ങോട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ പത്മ പെട്രോള്‍ പമ്പിനു സമീപം മണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലി അവസാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍, കല്പറ്റ ഗവ. കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി. വളണ്ടിയര്‍മാര്‍, കല്പറ്റ എം.ജെ. കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥികള്‍, നീര്‍ത്തട സമിതി അംഗങ്ങള്‍, ജെ.എല്‍.ജി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2015 അന്താരാഷ്ട്ര മണ്ണു വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് 'മണ്ണിനെ ജനമറിയാന്‍ മണ്‍യാത്ര' എന്ന പേരില്‍ ജാഥ സംഘടിപ്പിച്ചത്. പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റുഖിയ, നസീര്‍ ആലക്കല്‍, ആയിഷ ഹനീഫ, എം.ആര്‍. ബാലകൃഷ്ണന്‍, സലീം മേമന, പി.ജി. കണ്ണന്‍ നായര്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് എന്‍.രവീന്ദ്രന്‍, മാതൃഭൂമി സേഷ്യല്‍ ഇനീഷേറ്റീവ് പി.ഡി.അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial