Crime News

മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന് അഞ്ചുവര്‍ഷം തടവ്‌

Posted on: 04 Mar 2015


മഞ്ചേരി: മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ചുവര്‍ഷംതടവും 20,000 രൂപ പിഴയും മഞ്ചേരി മൂന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

പുളിയ്ക്കല്‍ സിയാംകണ്ടം കല്ലയില്‍മൂല ചെമ്മങ്കോട് ഹൗസില്‍ ഉമ്മര്‍കോയ 43 യെ ആണ് കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.സുഭദ്രാമ്മയുടെതാണ് വിധി. ഭാര്യയെ പീഡിപ്പിച്ചതിന് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും ആത്മഹത്യക്ക് പ്രേരണനല്കിയതിന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം
ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് പാലപ്പറ്റ സുഹ്‌റാബി രണ്ടുമക്കളെ കരിങ്കല്‍ ക്വാറിയിലെറിഞ്ഞുകൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യുകയായിരുന്നു. 2010 ഒക്ടോബര്‍ 4ന് രാത്രിയിലാണ് സംഭവം.

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യംചെയ്തതിന് ഇവര്‍ക്ക് മാനസികവും ശാരീരികവുമായ പീഡനമേല്‌ക്കേണ്ടി വന്നിരുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കാനായി പ്രതിയുടെ ഫോണ്‍വിളികളുടെ രേഖകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യൂനുസ് സലീം കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial