
സര്‍ക്കാര്‍ ജോലി വേണ്ട, കൈക്കോട്ട് മതിയെന്ന് അബൂബക്കര്‍ സിദ്ദിഖ്
Posted on: 28 Feb 2015

പാലക്കാട്: പാടത്തേക്ക് കൈക്കോട്ടുമായി പോകുകയായിരുന്ന അബൂബക്കര്‍ സിദ്ദിഖിനോട് അയല്‍വാസിയായ സ്‌കൂള്‍വിദ്യാര്‍ഥി ചോദിച്ചു 'അങ്കിള്‍ ഉദ്യോഗംവിട്ട് കൃഷിയിലേക്കിറങ്ങിയല്ലേ.' 'അതേ'യെന്ന് ഉത്തരംകേട്ട് വിദ്യാര്‍ഥി പറഞ്ഞു, 'നന്നായി, ഞങ്ങള്‍ക്കിനി വിഷമില്ലാത്ത പച്ചക്കറി കൂട്ടാമല്ലോ'
ഇതിനും ഒരാഴ്ചമുമ്പാണ് ഉദ്യോഗംവിട്ട് കൃഷിയിലേക്കിറങ്ങുന്ന കാര്യം അബൂബക്കര്‍ സിദ്ദിഖ് വകുപ്പുമേധാവികളോട് അറിയിച്ചത്. സ്‌കൂള്‍വിദ്യാര്‍ഥിയുടെ വിവേകംപോലും പലരും കാണിച്ചില്ല. സ്വര്‍ണംകായ്ക്കുന്ന മരം വേണ്ടെന്നുവെച്ച് പുല്ലുപോലും കിളിര്‍ക്കാത്ത മണ്ണിലേക്കിറങ്ങരുതെന്നായിരുന്നു ഉപദേശം.
എക്‌സൈസ്വകുപ്പിലെ ഉദ്യോഗം സ്വര്‍ണംകായ്ക്കുന്ന മരമാണെന്ന് അബൂബക്കര്‍ സിദ്ദിഖ് അറിഞ്ഞിരുന്നു. ആവശ്യത്തിന് ശമ്പളം, അത്യാഗ്രഹികള്‍ക്ക് ആവശ്യത്തിലേറെ കിമ്പളം... അതുകൊണ്ടാണ് ഉദ്യോഗംകിട്ടി ഒരുവര്‍ഷത്തിനുള്ളില്‍ അതുപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയത്.
അധ്വാനത്തിന്റെ വിയര്‍പ്പുവീണാല്‍ ഏത് മണ്ണിലും പൊന്നുവിളയുമെന്ന് അബൂബക്കര്‍ സിദ്ദിഖിനറിയാമായിരുന്നു. അതറിയാവുന്നതുകൊണ്ടാണ് എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജോലി വിട്ട് തനി കര്‍ഷകനായത്. എങ്ങനെയെങ്കിലും സര്‍ക്കാര്‍ജോലി തരപ്പെടുത്തി ജീവിതം സുരക്ഷിതമാക്കുന്നവര്‍ക്കിടയില്‍ വേറിട്ട യുവത്വമാകുകയാണ് 30 കാരനായ അബൂബക്കര്‍ സിദ്ദിഖ്. ഈ യുവാവിന്റെ കാര്‍ഷികവിജയം കാണണമെങ്കില്‍ എരിമയൂര്‍ തോട്ടുപാലത്തെ പുളിന്പ്രാണിക്കളത്തിലെത്തണം. മൂന്നരയേക്കറില്‍ പച്ചക്കറിത്തോപ്പ്. നെല്ലും തെങ്ങും. മൂന്നേക്കര്‍ പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
ജോലിയല്ലേ നല്ലതെന്ന് ചോദിക്കുന്നവരോട് അബൂബക്കറിന് പറയാനുള്ളത് കൃഷിയിലെ ലാഭക്കണക്കാണ്. ഒരുവര്‍ഷം കൃഷിയിലൂടെ ചുരുങ്ങിയത് ആറുലക്ഷം ലാഭമുണ്ടാക്കാറുണ്ട് ഈ യുവാവ്. കൃഷിയിലൂടെ കിട്ടുന്ന മനഃസന്തോഷം ജോലിയിലൂടെയെന്നല്ല, വേറെ ഒന്നിലൂടെയും കിട്ടില്ലെന്ന് അബൂബക്കര്‍ പറയുന്നു. അങ്ങനെ പറയാന്‍ ഈ യുവാവിന് അവകാശമുണ്ട്. കാരണം, തേങ്കുറുശ്ശി പഞ്ചായത്തില്‍ അഞ്ചുവര്‍ഷം പഞ്ചായത്തംഗമായിരുന്നു. പാര്‍ട്ടിയില്‍ അറിയപ്പെടുന്ന സ്ഥാനം വഹിച്ച പൊതുപ്രവര്‍ത്തകനുമായിരുന്നു. അതിലൊന്നും കിട്ടാത്തത്ര സന്തോഷമാണ് കൃഷി നല്‍കുന്നത്. 20-ാം വയസ്സില്‍ തുടങ്ങിയതാണ് കൃഷി. ഇത് കാര്‍ഷികവൃത്തിയില്‍ ദശാബ്ദിയാണ്. എക്‌സൈസ്വകുപ്പില്‍ മാത്രമല്ല, മറ്റൊരുവകുപ്പിലും സര്‍ക്കാര്‍ജോലി കിട്ടിയെങ്കിലും അബൂബക്കര്‍ പോയില്ല.
ചിലര്‍ക്ക് സംശയമുണ്ടാകും, ജോലിയുപേക്ഷിക്കാന്‍ ഭാര്യ സമ്മതിച്ചോയെന്ന്. ജോലി വിട്ട് കൃഷിയിലേക്കിറങ്ങാന്‍ ഭാര്യ സജിനിയാണ് ഏറെ പ്രേരിപ്പിച്ചതെന്ന് അബൂബക്കര്‍ പറയുന്നു. മകള്‍ ജസ്റ്റിന ഫ്‌ലോറേന്‍സിന്റെ കാര്യം നോക്കിക്കഴിഞ്ഞാല്‍ ബാക്കിസമയം ഭാര്യയും കൃഷിയില്‍ സഹായിക്കാന്‍ കൂടെയുണ്ട്.
