Ramzan Banner

സല്‍ക്കര്‍മനിഷ്ഠമായ ജീവിതം

Posted on: 30 Aug 2009

പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി



ഓരോ മതത്തിന്റെയും അനുയായികള്‍ തങ്ങളാണ് മോക്ഷത്തിനും സ്വര്‍ഗപ്രവേശനത്തിനും അര്‍ഹര്‍ എന്ന് അവകാശപ്പെടാറുണ്ടെങ്കിലും യഥാര്‍ത്ഥമതം മനുഷ്യന്‍ സ്വത്വത്തെ ദൈവത്തിന് സമര്‍പ്പിക്കലാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതായത് ദൈവത്തിന്റെ ആജ്ഞകള്‍ പൂര്‍ണമായും ജീവിതത്തില്‍ പാലിക്കുകയും അവന്റെ പ്രീതിക്കനുസൃതമായത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുക. ''നിങ്ങളുടെയോ വേദക്കാരുടെയോ വ്യാമോഹമനുസരിച്ചല്ല സ്വര്‍ഗപ്രവേശനം'' എന്ന ഖുര്‍ആന്‍ വചനം കര്‍മങ്ങളാണ് വിജയത്തിന്റെ മാനദണ്ഡമെന്ന് വ്യക്തമാക്കുന്നു. ദൈവപ്രീതി എന്ന സമുന്നതലക്ഷ്യം ഏത് സദ്പ്രവൃത്തിയുടെയും പിന്തുണയായി വേണം.

ഇതില്ലാത്തവന്റെ കര്‍മം ദാഹിച്ചു വലഞ്ഞവന്‍ മരീചിക വെള്ളമാണെന്ന് ധരിച്ച് അതിന്റെ നേരെ കൈനീട്ടിയപോലെയായിരിക്കും. ''പ്രവര്‍ത്തിച്ച് നഷ്ടം പറ്റിയവരെപ്പറ്റി ഞാന്‍ പറഞ്ഞു തരട്ടെയോ. അവര്‍ ഭൗതികജീവിതത്തില്‍ ചെയ്തതെല്ലാം പാഴ്‌വേലയായി. തങ്ങള്‍ നല്ലതാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ധരിക്കുന്നു.'' വിശ്വാസത്തിന്റെ പ്രചോദനമില്ലാത്ത പ്രവൃത്തികളാണ് ഖുര്‍ആര്‍ ഇവിടെ സൂചിപ്പിക്കുന്നത്. ''നിങ്ങളെ ഈ ഭൂമിയില്‍ വെറുതെ സൃഷ്ടിച്ചതാണെന്നാണോ നിങ്ങളുടെ വിചാരം.'' എന്ന ഖുര്‍ആന്‍ വാക്യം ഈ ജീവിതത്തിന്റെ മഹത്തായ മൂല്യത്തെപ്പറ്റി ബോധമുണര്‍ത്തുന്നു. മരണത്തോടെ അവസാനിക്കാതെ ശാശ്വതമായ രണ്ടാം ഘട്ടമുള്ള ഒരു ജീവിതമാണ് ഖുര്‍ആന്‍ മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിക്കുന്നത്.

മനുഷ്യന്‍ സ്വത്വത്തോടും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍ ഒരേ സമയം പാലിക്കുമ്പോള്‍ മാത്രമേ പൂര്‍ണതയില്‍ എത്തുകയുള്ളൂ. തെറ്റുകളില്‍ അകപ്പെടാതെ സംശുദ്ധജീവിതം നയിക്കുകയും ആരാധനകളും പ്രാര്‍ത്ഥനകളും മുറപോലെ നിര്‍വഹിച്ച് ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന അതേ സമയംതന്നെ കഷ്ടപ്പെടുന്നവരുടെയും ദുര്‍ബലരുടെയും രക്ഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. ഇങ്ങനെ ചെയ്യാത്തവനെ ഖുര്‍ആന്‍ മതവിശ്വാസിയായി പരിഗണിക്കുന്നില്ല-''മത നിഷേധിയെ താങ്കള്‍ കണ്ടുവോ? അവന്‍ അനാഥനെ പുറംതള്ളുന്നവനും സാധുവിന് ഭക്ഷണം നല്കാന്‍ പ്രേരിപ്പിക്കാത്തവനുമാണ്.'' എന്ന് തുറന്നു പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നവന്റെ നമസ്‌കാരം ഒരു പ്രയോജനവും ചെയ്യില്ല എന്ന് സൂചിപ്പിക്കുന്നു.

അബ്ദുല്ലാഹിബ്‌നു മുബാറക്കും സംഘവും ഹജ്ജ് യാത്രയില്‍ ഒരു താവളത്തില്‍ ഇറങ്ങി. ഒരു പെണ്‍കുട്ടി എച്ചില്‍ കൂമ്പാരത്തില്‍നിന്ന് ഒരു ചത്ത പക്ഷിയെ എടുത്ത് ഇലയില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്നത് കണ്ടു. ചോദ്യം ചെയ്തപ്പോള്‍ വീട്ടില്‍ പട്ടിണിയാണെന്നും ഇത് ആഹാരത്തിനാണെന്നും ആ യുവതി പറഞ്ഞു. ഉടനെ അബ്ദുല്ലാ ഹിബ്‌നുല്‍ മുബാറക് ഹജ്ജ് യാത്ര നിര്‍ത്തിവെച്ചു. തിരിച്ചു പോകാനുള്ള പണം കഴിച്ച് ബാക്കി സംഖ്യ മുഴുവന്‍ ആ കുടുംബത്തിന് നല്കി. '' ഇതാണ് ഈ വര്‍ഷത്തെ നമ്മുടെ ഹജ്ജ്''- അദ്ദേഹം തന്നെ അനുഗമിച്ച സംഘത്തെ ബോധ്യപ്പെടുത്തി.

മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷിമൃഗാദികള്‍ക്കും നന്മ ചെയ്യല്‍ പുണ്യകര്‍മമാണ്. പ്രവാചകന്‍ ഉപദേശങ്ങളിലൂടെയും മാതൃകാജീവിതത്തിലൂടെയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ദാഹിച്ച് വലഞ്ഞ ഒരു നായയെ കണ്ടപ്പോള്‍ കിണറ്റില്‍ ഇറങ്ങി ഷൂ അഴിച്ച് അതില്‍ വെള്ളം നിറച്ച് അതിന് കൊടുത്ത സ്ത്രീയുടെ പ്രവൃത്തിയെ പുണ്യകര്‍മമായി നബി വിശേഷിപ്പച്ചു. പക്ഷിക്കൂട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്ത് തള്ളപ്പക്ഷിയെ വേദനിപ്പിച്ച ഒരു മനുഷ്യനോട് അവയെ കൂട്ടില്‍തന്നെ വെക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ആരാധനാചടങ്ങുകളും പ്രാര്‍ത്ഥനയും കൊണ്ട് മാത്രം ഒരു മനുഷ്യന് ദൈവസാമീപ്യം കരസ്ഥമാക്കാന്‍ കഴിയുകയില്ല.



MathrubhumiMatrimonial